ഉപദേശം കേട്ടാൻ കലി, പിന്നെ പകയായി 

Wednesday 26 February 2025 1:11 AM IST

തിരുവനന്തപുരം; ആഡംബര ജീവിതം. പിതാവിന്റെ സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് തിരിച്ചറിവുണ്ടാകാതെ പണം ധൂർത്തടിക്കൽ . വാഹനഭ്രമം കാരണം ബുള്ളറ്റും ഹിമാലയ ബൈക്കും വോഗ്‌സ്‌ വാഗൻ കാറുമടക്കമുള്ള വാഹനങ്ങളിൽ മാറിമാറി കറക്കം. സ്വന്തമായി വരുമാനമുണ്ടാക്കാതെ ,സ്നേഹിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന നിർബന്ധം.

അഫാനെക്കുറിച്ച് കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനുണ്ടായിരുന്ന വിലയിരുത്തൽ ഇതായിരുന്നു. കടം കയറി ബാപ്പയ്ക്ക് വിദേശത്തു നിന്നും തിരികെ വരാൻ കഴിയാതിരിക്കുമ്പോഴും അഫാന്റെ മനോഭാവത്തിൽ മാറ്റമുണ്ടാകാത്തതിനാൽ നിരാശയിലായിരുന്നു ഇവരെല്ലാം . നിരന്തരം ഉപദേശിച്ചിട്ടും നേരെയാകുന്നില്ല.

ഓരോ തവണ ഉപദേശിക്കുമ്പോഴും അഫാന്റെ മനസിൽ ദേഷ്യം ഇരട്ടിച്ചു. അത് പകയായി മാറി. സംഭവ ദിവസം രാവിലെ 10 മണിയോടെ ലത്തീഫ് കാറിൽ അഫാന്റെ വീട്ടിൽ പോയതായി ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുമായുള്ള ബന്ധമറിഞ്ഞ് അഫാനെ ഉപദേശിക്കാൻ പോയതാണോ എന്ന് സംശയമുണ്ട്. തിരികെ 11 മണിയോടെയാണ് ലത്തീഫ് വീട്ടിൽ എത്തിയതെന്ന് ലത്തീഫിന്റെ ഭാര്യാ സഹോദരൻ മൻസൂർ പറഞ്ഞു.

ഉച്ചയോടെയാണ് അഫാൻ ചുള്ളാളത്തെ വീട്ടിൽ എത്തിയതെന്നാണ് വിവരം. ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്ന ലത്തീഫിന്റെ ശിരസ് പിളർക്കുമാറ് ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു. നിലവിളിക്കാൻ പോലുമാകാതെ ലത്തീഫ് ബോധരഹിതനായി. ഈ സമയത്താണ് അടുക്കളയിൽ നിന്നു ഹാളിലേക്ക് ഭാര്യ ഷാഹിദാ ബീവി ഇറങ്ങിവന്നത് .രക്തത്തിൽ കുളിച്ച ഭർത്താവിനെയും രക്തം പുരണ്ട ചുറ്റികയുമായി നിൽക്കുന്ന അഫാനെയും കണ്ടതോടെ നിലവിളിച്ചുകൊണ്ട്അടുക്കളയിലേക്ക് ഓടിരക്ഷപ്പെടുന്നതിനിടയിലാണ് അഫാൻ ഇവരെയും കൊലചെയ്തത്.

ആഫാൻ അറിയിച്ചതനുസരിച്ച് പൊലീസെത്തുമ്പോൾ, സോഫയിൽ ഇരിക്കുന്ന നിലയിൽ ആയിരുന്നു ലത്തീഫിന്റെ മൃതദേഹം. തലയിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം സോഫയിൽ തങ്ങി നിന്നിരുന്നു. അടുക്കളയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു ഷാഹിദാ ബീവിയുടെ മൃതദേഹം. ലത്തീഫിന്റെ തലയിൽ ചുറ്റിക കൊണ്ട് നിരവധി തവണ ആഞ്ഞടിച്ചതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.