55ദിവസം രോഗികൾ 4562 , വേനലിന്റെ തുടക്കത്തിൽ പിടിമുറുക്കി മഞ്ഞപ്പിത്തം

Wednesday 26 February 2025 12:29 AM IST

തിരുവനന്തപുരം : ചൂടു കൂടിയതോടെ സംസ്ഥാനത്ത് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിക്കുന്നവരുടെ എണ്ണം പെരുകുന്നു. 55 ദിവസത്തിനിടെ രോഗികൾ 4500 കടന്നു. ഈ കാലയളവിൽ ചികിത്സ തേടിയത് 4,562പേർ. എട്ടുപേർ മരിച്ചു. ശുദ്ധമല്ലാത്ത ജലത്തിലൂടെയാണ് രോഗം പടരുന്നത്.

ഭൂരിഭാഗം പേരിലും രോഗം ഗുരുതരമാകാത്തതിനാൽ ചെറിയൊരു ശതമാനം മാത്രമാണ് ചികിത്സ തേടുന്നത്. പലരും അവസാനഘട്ടത്തിലാണ് ഡോക്ടറെ സമീപിക്കുന്നത്. ശക്തമായ പ്രതിരോധം തീർത്തില്ലെങ്കിൽ വരും മാസങ്ങളിൽ രോഗവ്യാപനം അതിരൂക്ഷമാകുമെന്നുമാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്താൽ അപകടത്തിന് ഇടയാക്കും.

പ്രായമായവരിലും ഗർഭിണികളിലും കുട്ടികളിലും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലും മഞ്ഞപ്പിത്തം ഗുരുതരമാകും. മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് മഞ്ഞപ്പിത്തം പകരുന്നത്.

രണ്ടാഴ്ച നിർണായകം

പനി, ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടൻ ചികിത്സ തേടണം.

രണ്ടാഴ്ച വരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം.

പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ശീതളപാനീയങ്ങളിലെ ഐസിന്റെ നിലവാരം ഉറപ്പാക്കണം. രോഗബാധിതർ ഭക്ഷണം, പാനീയങ്ങൾ തയ്യാറാക്കരുത്.

28,635

കഴിഞ്ഞവർഷം മഞ്ഞപ്പിത്തം

ബാധിച്ചവർ

95

കഴിഞ്ഞ വർഷം റിപ്പോർട്ട്

ചെയ്ത മരണങ്ങൾ

ശുദ്ധമായ വെള്ളത്തിലൂടെ മാത്രമേ മഞ്ഞപ്പിത്തത്തിന്റെ പഴുത് അടയ്ക്കാനാകൂ. വേനൽകാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. സ്വയം ജാഗ്രത പാലിക്കണം

ഡോ.അൽത്താഫ്.എ

പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ,

തിരുവനന്തപുരം മെഡി. കോളേജ്‌