എൻ.എച്ച്.എം അന്ത്യശാസനം തള്ളി ആശാ വർക്കർമാർ സമരം 17-ാം ദിവസത്തിലേക്ക്
തിരുവനന്തപുരം: പണിമുടക്കുന്ന ആശാവർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന നാഷണൽ ഹെൽത്ത് മിഷന്റെ (എൻ.എച്ച്.എം) അന്ത്യശാസനം തള്ളി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. പണിമുടക്ക് പിൻവലിക്കുന്നതിന് ആശമാരുടെ അടിസ്ഥാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു. എൻ.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർക്കും ലേബർ കമ്മിഷണർക്കും നിയമപ്രകാരം നോട്ടീസ് നൽകിയാണ് രാപകൽ സമരവും അനിശ്ചിതകാല പണിമുടക്കും നടത്തുന്നത്. ആശാവർക്കർമാർ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശീലനം നേടിയാണ് ജോലി ചെയ്യുന്നത്.ഈ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും ഉടനടി പരിഗണിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നടത്തുന്ന സമരം 17-ാം ദിവസത്തിലേയ്ക്ക് കടന്നു.
സമരം ചെയ്യുന്ന ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതി സെക്രട്ടേറിയറ്റിന് മുമ്പിലേക്ക് റാലി നടത്തി. നുണ പറയുന്ന വഷളൻ ധാർമ്മികതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് റാലി ഉദ്ഘാടനം ചെയ്ത ഇടതുസർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.കെ.പി.കണ്ണൻ പറഞ്ഞു. ആശമാർക്ക് തുച്ഛമായ വേതനം കൊടുക്കാതിരിക്കാൻ സർക്കാർ കള്ളക്കണക്കുകൾ അവതരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. സമിതി പ്രസിഡന്റ് ഡോ.എം.പി.മത്തായി അദ്ധ്യക്ഷനായി. ഡോ.ആസാദ്, ഡോ.കെ.ജി.താര,എൻ.സുബ്രഹ്മണ്യൻ, ജോസഫ്.സി.മാത്യു തുടങ്ങിയവർ സംസാരിച്ചു.
ഐക്യദാർഢ്യവുമായി
കവി സച്ചിദാനന്ദൻ
ആശമാരുടെ സമരത്തിന് കവി കെ.സച്ചിദാനന്ദൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആശമാർ സമരംചെയ്യുന്നത് ഇടതുസർക്കാരിന് അപമാനകരമാണെന്ന് ഓഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
5000 രൂപ നൽകി
ഓട്ടോ ഡ്രൈവർ
പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവർ രമേശ് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി ആശമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തന്റെയും തയ്യൽ തൊഴിലാളിയായ ഭാര്യ രേണുകയുടെയും വരുമാനത്തിൽ നിന്ന് 5000രൂപ സംഭാവനയും നൽകി.
സമരത്തിനെതിരെ
ഇടത് സംഘടന
കോഴിക്കോട്: ആശാവർക്കർമാരുടെ സമരത്തിനെതിരെ സി.ഐ.ടി.യു ആഭിമുഖ്യത്തിലുള്ള ആശ വർക്കേഴ്സ് ഫെഡറേഷൻ രംഗത്തെത്തി. സമരം അനാവശ്യമാണ്. കേന്ദ്രസർക്കാരിനെതിരെയാണ് സമരം നടത്തേണ്ടത്. ആശമാരുടെ അവകാശങ്ങൾക്കായി നടത്തിയ മറ്റ് സമരങ്ങളിലൊന്നും കാണാത്ത ഒരുകൂട്ടം ആശാവർക്കർമാരാണ് ഈ സമരത്തിലുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് പി.പി.പ്രേമ പറഞ്ഞു. കേന്ദ്രത്തിനെതിരെ നാളെ ആദായനികുതി ഓഫീസുകൾക്കു മുമ്പിലും ഏപ്രിൽ 28ന് പാർലമെന്റിന് മുമ്പിലും സമരം നടത്തും.