'ONE LAST TIME' ടീഷർട്ടിൽ ധോണി ചെന്നൈയിൽ

Wednesday 26 February 2025 10:39 PM IST

ചെന്നൈ : അടുത്ത സീസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കളിക്കാനായി ചെന്നൈയിൽ വിമാനമിറങ്ങിയ മഹേന്ദ്ര സിംഗ് ധോണിയുടെ ടീ ഷർട്ടിലെ പ്രിന്റിംഗ് സോഷ്യൽ മീഡിയയിൽ വൈറലായി. ധോണിയുടെ ടീഷർട്ടിലെ ചിഹ്നങ്ങൾടെലിഗ്രാം സന്ദേശങ്ങൾ അയയ്ക്കാനുള്ള മോഴ്സ് കോഡിലുള്ളതാണെന്ന് കണ്ടെത്തിയ ആരാധകർ അത് ഡീ കോഡ് ചെയ്താണ് വൈറലാക്കിയത്. 'ONE LAST TIME" എന്ന സന്ദേശമാണ് ധോണി വസ്ത്രത്തിൽ പ്രിന്റ് ചെയ്തതെന്നാണ് ആരാധകർ ഡീകോഡിംഗിലൂടെ കണ്ടെത്തിയത്. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കുപ്പായത്തിൽ ധോണിയുടെ അവസാന സീസണാകും ഇതെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്.

43കാരനായ ധോണി 2008 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമാണ്. ടീമിനെ വിലക്കിയിരുന്ന രണ്ട് സീസണുകളിൽ മറ്റൊരു കുപ്പായത്തിൽ കളിച്ചതൊഴിച്ചാൽ ചെന്നൈ വിട്ടുപോകാത്ത താരമാണ് ധോണി. 2023 മുതൽ ചെന്നൈയെ നയിച്ചതും ധോണിയാണ്. തല എന്ന പേരിലാണ് ചെന്നൈയിലെത്തിയതുമുതൽ ആരാധകർ ധോണിയെ അഭിസംബോധന ചെയ്യുന്നത്.