എൻ.എച്ച് 66ൽ  നാല്  റീച്ചുകൾ മൂന്നുമാസത്തിനകം  തീർക്കും, പൂർത്തിയാവുന്നവയിൽ കോഴിക്കോട് ബൈപ്പാസും

Thursday 27 February 2025 12:12 AM IST

തിരുവനന്തപുരം: ഈ വർഷം ഏപ്രിൽ-മേയോടെ ദേശീയ പാത 66ന്റെ നാലു റീച്ചുകളുടെ നിർമ്മാണം കൂടി പൂർത്തിയാകും. ഇതോടെ പൂർത്തിയാകുന്ന റീച്ചുകൾ പത്താകും. ശേഷിക്കുന്ന

13 റീച്ചുകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയപാത അതോറിട്ടിക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ഫെബ്രുവരി- മാർച്ചോടുകൂടി ഈ റീച്ചുകൾ തീർക്കാനാകുമെന്നാണ് കരാർ കമ്പനികളുടെ പ്രതീക്ഷ.

രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസ് മേയിൽ പൂർത്തിയായേക്കും. 28.4 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസിന്റെ 86% നിർമ്മാണം പൂർത്തിയായിട്ടുണ്ട്. അറപ്പുഴ, മാമ്പുഴ, പുറക്കാട്ടിരി, കോരപ്പുഴ എന്നിവിടങ്ങളിലെ പാലങ്ങളാണ് തീർക്കാനുളളത്. 800 മീറ്ററോളം നീളമുള്ള കോരപ്പുഴപ്പാലത്തിന്റേത് ഒഴികെ ബാക്കിയുള്ളവയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഏപ്രിൽ മാസത്തോടെ ഇവ പൂർത്തിയാകുമെന്നാണ് കരാറുകാരായ ഹൈദരാബാദിലെ കൃഷ്ണമോഹൻ കൺസ്ട്രക്ഷൻ കമ്പനി (കെഎം.സി.) ദേശീയപാത അതോറിട്ടിയെ അറിയിച്ചിരിക്കുന്നത്.

പാതയിൽ ഏറ്റവും വൈകി പൂർത്തിയാകുക ആലപ്പുഴയിലെ അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേയായിരിക്കും.

നിർമ്മാണം

പൂർത്തിയായത്

1.പള്ളിക്കര- നീലേശ്വരം

2.തലശേരി- മാഹി

3.പാലോളി പാലം- മൂരാട്

4.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ

5.മുക്കോല- കഴക്കൂട്ടം

6.മുക്കോല - തമിഴ്നാട് അതിർത്തി

ഏപ്രിൽ-മേയിൽ

പൂർത്തിയാകുന്നവ

1.തലപ്പാടി- ചെങ്കള

2.കോഴിക്കോട് ബൈപ്പാസ്

3.രാമനാട്ടുകര- വളാഞ്ചേരി

4.വളാഞ്ചേരി- കാപ്പിരിക്കാട്

ശേഷിക്കുന്നവ

1.ചെങ്കള- നീലേശ്വരം

2.നീലേശ്വരം- തളിപ്പറമ്പ്

3.തളിപ്പറമ്പ്- മുഴിപ്പിലങ്ങാട്

4.അഴിയൂർ- വെങ്കളം

5.കാപ്പിരിക്കാട്- തളിക്കുളം

6.തളിക്കുളം- കൊടുങ്ങല്ലൂർ

7.കൊടുങ്ങല്ലൂർ- ഇടപ്പള്ളി

8.തുറവൂർ- പറവൂർ

9.പറവൂർ- കൊറ്റംകുളങ്ങര

10കൊറ്റംകുളങ്ങര- കൊല്ലം

11.കൊല്ലം- കടമ്പാട്ടുകോണം

12.കടമ്പാട്ടുകോണം- കഴക്കൂട്ടം

13.അരൂർ- തുറവൂർ എലിവേറ്റഡ്

ഹൈവേ

65,000 കോടി

ദേശീയപാത ആകെ

നിർമ്മാണച്ചെലവ്

`നിർമ്മാണം മുടങ്ങാതിരിക്കാനും നീണ്ടുപോകാതിരിക്കാനും ആവശ്യമായ നടപടികളെടുക്കണമെന്ന് കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്''

- പി.എ.മുഹമ്മദ് റിയാസ്,

പൊതുമരാമത്ത് മന്ത്രി