വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഡാമുകളിൽ വരും ഫ്ളോട്ടിംഗ് സോളാർ ,​ കരട് നയത്തിന് അംഗീകാരം

Friday 28 February 2025 4:08 AM IST


നടപ്പാക്കുക സ്വകാര്യ സഹകരണത്തോടെ
6000 മെഗാവാട്ട് ഉത്പാദിപ്പിക്കാം

തിരുവനന്തപുരം/വയനാട്: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ട്. ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള ഉത്പാദനം 2096 മെഗാവാട്ട്. സോളാറിൽ നിന്ന് വെറും 415 മെഗാവാട്ടും. ഉത്പാദനവും ഉപയോഗവും തമ്മിൽ വലിയ അന്തരം. ഇത് മറികടക്കാൻ ഡാമുകളിൽ ഫ്ളോട്ടിംഗ് സോളാർ പ്ളാന്റുകൾ വ്യാപകമാക്കാനൊരുങ്ങി സർക്കാർ.

തരിശുപാടങ്ങളിലെ വെള്ളക്കെട്ടുകൾ, തടാകങ്ങൾ, കായലുകൾ എന്നിവിടങ്ങളിലടക്കം ഫ്ളോട്ടിംഗ് സോളാറുകൾ സ്ഥാപിക്കാനായാൽ പ്രതിദിനം 6000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് വൈദ്യുതി വകുപ്പിന്റെ പഠനം. നിലവിൽ ആവശ്യമുള്ളതിനേക്കാൾ 800 മെഗാവാട്ട് കൂടുതൽ.

ഇതിന്റെ അടിസ്ഥാനത്തിൽ ഫ്ലോട്ടിംഗ് സോളാർ കരട് നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സാധ്യമായ സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും നടപ്പാക്കുക. വൻകിട അണക്കെട്ടുകൾ, തടാകങ്ങൾ, ഇടത്തരം തടാകങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ച് നിശ്ചിത വ്യവസ്ഥകളോടെയാകും കരാറുകൾ നൽകുക.

സർക്കാർ സ്‌കൂളുകളിൽ റൂഫ് ടോപ്പ് സോളാർ പാനൽ സമയബന്ധിതമായി പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പും അനർട്ടും നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭായോഗം നിർദ്ദേശിച്ചു.

നിലവിൽ സംസ്ഥാനത്തെ

ഫ്ലോട്ടിംഗ് പദ്ധതികൾ

സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിംഗ് പ്ളാന്റായ വയനാടിലെ ബാണാസുര സാഗർ അണക്കെട്ടിൽ- ഒരു മെഗാവാട്ട്

കായംകുളത്തെ എൻ.ടി.പി.സി ക്യാമ്പസിലെ കായൽഭാഗത്ത്- 22 മെഗാവാട്ട് (70 മെഗാവാട്ടിന്റെ നിർമ്മാണം നടന്നുവരുന്നു)

കൊച്ചിക്കായലിൽ- 1.5 മെഗാവാട്ട്. എറണാകുളത്തെ മിൽമ ഡയറി താടകത്തിൽ- 0.5മെഗാവാട്ട് പ്ളാന്റ്

കൊല്ലം പടിഞ്ഞാറെ കല്ലടയിലെ 360 ഏക്കർ തരിശുപാടത്തെ വെള്ളക്കെട്ടിൽ 300കോടി ചെലവിൽ 50 മെഗാവാട്ടിന്റെ പ്ളാന്റ് നിർമ്മാണം നടക്കുന്നു

4,909 കുളങ്ങളിലും വെള്ളക്കെട്ടുകളിലുമായി 26.8മെഗാവാട്ടിന്റെ പദ്ധതികൾക്കും നടപടിയായി.

നർമ്മദാ നദിയിൽ

ലോകത്തെ ഏറ്റവുംവലുത്

നർമ്മദാ നദിയിലെ ഓംകാരേശ്വർ അണക്കെട്ടിലേതാണ് ലോകത്തെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ പ്ളാന്റ്. ഉത്പാദനം 600മെഗാവാട്ട്. ചെലവ് 3000കോടി

ബാണാസുര സാഗറിൽ

കമ്മിഷൻ ചെയ്തത് 2017ൽ

വയനാട് ബാണാസുരസാഗർ ഡാമിലെ സംസ്ഥാനത്തെ ആദ്യ ഫ്ളോട്ടിംഗ് സോളാർ പദ്ധതി

കമ്മിഷൻ ചെയ്തത് 2017ൽ. ചെലവ് 9.25 കോടി. ഉത്പാദിപ്പിക്കുന്ന വൈദ്യുതി അണ്ടർവാട്ടർ കേബിളിലൂടെ കെ.എസ്.ഇ.ബി ഗ്രിഡിലേക്കെത്തിക്കും. മൂന്ന് പ്ളാന്റുകളാണ് ഇവിടെയുള്ളത്. ആഡ്‌ടെക് സിസ്റ്റംസ് ലിമിറ്റഡിന്റെ 500 കിലോവാട്ട്, കെൽട്രോണിന്റെ 400 കിലോവാട്ട്, വയനാട് ഗവ. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന അജയ് തോമസ് സ്ഥാപിച്ച 10 കിലോവാട്ട് പ്ലാന്റ്