6 മാസത്തിനകം മനുഷ്യ - വന്യജീവി സംഘർഷം ഇല്ലാതാവും: മന്ത്രി

Saturday 01 March 2025 12:00 AM IST

തൃശൂർ: മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള കർമ്മ പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ.ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘർഷം നൂറ് ശതമാനം ഉണ്ടാകില്ലെന്നല്ല, ലഘൂകരിച്ച് അപൂർവമായി മാത്രം സംഭവിക്കുന്നതായി മാറുമെന്നും വനംമന്ത്രി കൂട്ടിച്ചേർത്തു.

വനംവകുപ്പിൽ സാമ്പത്തിക ബാദ്ധ്യതയില്ലാത്ത പോസ്റ്റ് അപ്ഗ്രഡേഷൻ ആകാമെന്ന നിലപാടിലാണ് സർക്കാർ.ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് എതിർപ്പില്ല. സാമ്പത്തിക ബാദ്ധ്യത വരാത്തതിനാൽ അനുകൂല തീരുമാനം സ്വീകരിക്കാമെന്നാണ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. നിറുത്തലാക്കിയ 12 വനംവകുപ്പ് സ്റ്റേഷനുകൾ പുനഃസ്ഥാപിക്കും. വനംവകുപ്പിനെ ആധുനീകരിക്കുന്നതിന് കിഫ്ബിയുടെ 20 കോടി വിനിയോഗിക്കും. ദ്രുതകർമ്മസേനകൾക്ക് ആവശ്യമായ ഉപകരണങ്ങളാണ് ഇതുപയോഗിച്ച് വാങ്ങുക. . കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് വിജി പി.വർഗീസ് അദ്ധ്യക്ഷനായി. എൻ.സി.പി (എസ്) ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ് മുഖ്യാതിഥിയായി. സംഘടനാ ജനറൽ സെക്രട്ടറി എം.ദിൽഷാദ്, എൻ.ജി.ഇ.എ ജനറൽ സെക്രട്ടറി സ്‌കറിയ വർഗീസ്, കെ.എഫ്.ഡി.എ സെക്രട്ടറി രതീഷ്, കെ.എഫ്.എസ്.എ സെക്രട്ടറി പി.വി.വിനീത, വി.ജെ.ഗീവർ എന്നിവർ സംസാരിച്ചു.