സംസ്ഥാനത്തെ ആദ്യ വി-പാർക്ക് ഇന്ന് മുതൽ നാടിന് സ്വന്തം

Saturday 01 March 2025 1:22 AM IST

കൊല്ലം: കമ്മിഷണർ ഓഫീസ് ആർ.ഒ.ബിക്ക് താഴെ നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ വി-പാർക്ക് ഇന്ന് രാവിലെ 10ന് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് എം.നൗഷാദ്. എം.എൽ.എ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് ഭൂമിയാണ് സംസ്ഥാന ടൂറിസം വകുപ്പ് രണ്ടുകോടി രൂപ ചെലവഴിച്ച് പാർക്കായി രൂപാന്തരപ്പെടുത്തിയത്. ഉപയോഗശൂന്യമായിക്കിടക്കുന്ന മേൽപ്പാലങ്ങളുടെ അടിഭാഗങ്ങൾ ജനസൗഹൃദ പൊതുയിടങ്ങളാക്കി മാറ്റുകയെന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ അഭിമാന പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടാണ് യാഥാർത്ഥ്യമാകുന്നത്.

എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്.ജയൻ എന്നിവർ പങ്കെടുക്കും. കൊല്ലം എസ്.പി ഓഫീസ് ജംഗ്‌ഷൻ റെയിൽവേ മേൽപ്പാലത്തിന്റെ വിജനവും അവഗണിതവുമായ അധോഭാഗം സൗന്ദര്യവത്കരിച്ച് ജനോപകാരപ്രദമാക്കണമെന്ന ചിരകാലാഭിലാഷമാണ് സഫലീകരിക്കപ്പെട്ടിരിക്കുന്നത്. വാക്കിംഗ് ട്രാക്കുകൾ, സ്ട്രീറ്റ് ഫർണിച്ചറുകൾ, ലഘുഭക്ഷണശാലകൾ, ബാഡ്മിന്റൻ- ബാസ്കറ്റ് ബാൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്കേറ്റിംഗ് ട്രാക്ക്, ഓപ്പൺജിം, യോഗ-മെഡിറ്റേഷൻ സോൺ തുടങ്ങിയവ വി-പാർക്കിൽ സജ്ജീകരിക്കും.

ടൂറിസം വകുപ്പിന് കീഴിലെ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡാണ് നിർവഹണ ഏജൻസി. പൊതുമരാമത്ത് വകുപ്പ്, ടൂറിസം വകുപ്പ്, കൊല്ലം കോർപ്പറേഷൻ, ഡി.ടി.പി.സി, അനുബന്ധ വകുപ്പുകൾ എന്നിവയുടെ സംയുക്ത സമിതിയായിരിക്കും പാർക്കിന്റെ തുടർപരിപാലനവും സംരക്ഷണവും.

എം.നൗഷാദ് എം.എൽ.എ