കൊച്ചിയെ മുക്കാൻ പോകുന്ന ഭീമൻ ജലബോംബ്,​ പിന്നിൽ പ്രവർത്തിച്ചത് ഇവർ,​ തെളിവായി രേഖകൾ

Saturday 01 March 2025 2:53 AM IST

കൊച്ചി: പെരിയാറിനു കുറുകെ നിർമ്മിച്ച വടുതലയിലെ ബണ്ട് ബലപ്പെട്ട് കൊച്ചിയെ മുക്കാൻ പോകുന്ന ഭീമൻ ജലബോംബായി മാറിയതിനു പിന്നിൽ റെയിൽവേയുടെ നിർമ്മാണം നടത്തുന്ന റെയിൽ വികാസ് നിഗം ലിമിറ്റഡും (ആർ.വി.എൻ.എൽ) ഉപകരാർ നേടി ബണ്ടുൾപ്പെടെ നിർമ്മിച്ച അഫ്‌കോൺസുമാണെന്ന് രേഖകൾ.

റെയിൽപ്പാത നിർമ്മാണം പൂർത്തിയാകും മുന്നേ വിഷയം ഹൈക്കോടതിയിലെത്തി. 2009 ആഗസ്റ്റ് 24ന് മത്സ്യത്തൊഴിലാളികളാണ് ഹർജി​ നൽകി​യത്. 2010 മാർച്ച് 22ന് ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ വിധി പുറപ്പെടുവിച്ചു. ബണ്ട് നീക്കം ചെയ്ത് കായലിലെ ഒഴുക്ക് സുഗമമാക്കുമെന്ന് അന്ന് അഫ്കോൺസ് അറിയിച്ചതായി വിധിയിലുണ്ട്. കളക്ടർ നേരിട്ടോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ടോ സ്ഥലത്ത് പരിശോധന നടത്തണമെന്നും വിധിയിൽ നിർദ്ദേശിച്ചിരുന്നു.

കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ 2009 സെപ്റ്റംബർ മുതൽ റെയിൽ വികാസ് നിഗം ലിമിറ്റഡ് അഫ്കോൺസിന് 26, 82, 42,517രൂപ അധികമായി നൽകി. പെർഫമൻസ് സർട്ടിഫിക്കറ്റിനായി ആർ.വി.എൻ.എല്ലിനെ ആദ്യം അഫ്കോൺസ് സമീപിച്ചെങ്കിലും ബണ്ട് നീക്കാത്തതിനാൽ നൽകിയില്ല. പിന്നീട്, ബണ്ട് നീക്കിയെന്ന് കാട്ടി വ്യാജരേഖ സമർപ്പിച്ചപ്പോൾ പരിശോധി​ക്കാതെ പെർഫോമൻസ് ഗ്യാരണ്ടിയും പെർഫോമൻസ് സർട്ടിഫിക്കറ്റും നൽകി. പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടിയായ 16.78 കോടി രൂപ കൂടി നൽകിയെന്ന് രേഖകൾ വ്യക്തമാക്കുന്നു.

അഫ്‌കോൺസ്- ആർ.വി.എൻ.എൽ തർക്കം

റെയിൽവേ മേൽപ്പാലം പദ്ധതി പൂർത്തിയായെന്നു പറഞ്ഞ് അഫ്കോൺസ് കൂടുതൽ തുക ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ നാല് അർബി​ട്രേഷൻ കേസുകളുണ്ടായിരുന്നു രണ്ടെണ്ണത്തിൽ കരാർ കമ്പനിക്ക് അനുകൂലമായിരുന്നു വിധി. ബാക്കി രണ്ടെണ്ണം മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് വിവരം.

 പോർട്ടിനി​പ്പോൾ പണം വേണം

വടുതലയിലെ ചെളിയും എക്കലും ഡ്രഡ്ജ് ചെയ്യാൻ സംസ്ഥാന സർക്കാർ പോർട്ട് ട്രസ്റ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കപ്പൽച്ചാൽ ഡ്രഡ്ജ് ചെയ്യാനുള്ള സാങ്കേതികവിദ്യയും അതിനാവശ്യമായ സാധനസാമഗ്രികളും മാത്രമാണുള്ളത്, ആഴം കുറഞ്ഞ വടുതലയിൽ ഡ്രഡ്ജിംഗ് സാദ്ധ്യമല്ല,ചെലവ് താങ്ങാനാകില്ല തുടങ്ങിയ വാദങ്ങളുയർത്തി ഇതിനെതിരെ രംഗത്തുവന്ന പോർട്ടിന് ഇപ്പോൾ നീക്കുന്ന മണ്ണിന്റെയും ചെളിയുടെയും തുക കണക്കാക്കി ലഭിക്കണമെന്ന് വാദമുണ്ട്.

മേൽപ്പാലം പണി​

കരാർ തുക- 167.81കോടി

മുടക്കി​യത് - 210.58കോടി അധികമായത്- 42.77കോടി നിർമ്മാണം ആരംഭിച്ചത്- 2007 പൂർത്തീകരിച്ചത്- 2010 (ബണ്ട് നീക്കിയിട്ടില്ല)