പൊലീസിന്റെ ലഹരിവേട്ട , 154 കിലോ കഞ്ചാവും 1.3 കിലോ എം.ഡി.എം.എയും പിടിച്ചെടുത്തു
തിരുവനന്തപുരം: മയക്കുമരുന്ന് വില്പനയ്‌ക്കും സംഭരണത്തിനുമെതിരെ കഴിഞ്ഞ എട്ട് ദിവസമായി പൊലീസ് നടത്തിയ ഓപ്പറേഷനുകളിൽ മയക്കുമരുന്നുകളടക്കം പിടികൂടി
153.56 കിലോ കഞ്ചാവ്,1.312 കിലോ എം.ഡി.എം.എ,18.15 ഗ്രാം ഹാഷിഷ് ഓയിൽ,1.855ഗ്രാം ബ്രൗൺ ഷുഗർ,13.06 ഗ്രാം ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. ഓപ്പറേഷൻ ഡി-ഹണ്ട് എന്ന പേരിലുള്ള പരിശോധനയിൽ 2762 കേസുകളിലായി 2854 പേരെ അറസ്റ്റുചെയ്‌തു. ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്സ് തലവനായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
മയക്കുമരുന്ന് സൂക്ഷിക്കുന്ന സ്ഥലങ്ങളിലായിരുന്നു റേഞ്ചുകളിലെ എൻ.ഡി.പി.എസ് കോ-ഓർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേർന്നുള്ള പരിശോധന. 594.72 ഗ്രാം എം.ഡി.എം.എയും മലപ്പുറം ജില്ലയിൽ നിന്നാണ് പിടികൂടിയത്. അവിടെ 213 കേസുകളിലായി 225 പേരെയാണ് പിടികൂടിയത്.
തിരുവനന്തപുരത്ത് 403 കേസുകളിലായി 416 പേർ അറസ്റ്റിലായി. 10 കിലോയോളം കഞ്ചാവും പിടികൂടി. പത്തനംതിട്ടയും ആലപ്പുഴയും ഒഴികെയുള്ള ജില്ലകളിൽ നിന്ന് ചെറിയ അളവിലെങ്കിലും എം.ഡി.എം.എ പിടികൂടിയിട്ടുണ്ട്.
''മയക്കുമരുന്നിനെതിരായ നടപടികൾ ശക്തമാക്കും. ലഹരിമരുന്ന് ഇടപാടുകൾ
നടത്തുന്നവരെ നിരന്തരം നിരീക്ഷണത്തിലാക്കും. ഓപ്പറേഷൻ ഡി-ഹണ്ട് തുടരും.''
-മനോജ് എബ്രഹാം,അഡി.ഡി.ജി.പി