വ്യാജ ലൈംഗികാരോപണം:  നഷ്ടപരിഹാരം മാനനഷ്ടത്തിന്  പകരമാവില്ലെന്ന് ഹൈക്കോടതി

Sunday 02 March 2025 1:00 AM IST

കൊച്ചി: വ്യാജ ലൈംഗികാരോപണങ്ങൾ നേരിടുന്നവർക്ക് നഷ്ടമാകുന്നത് സമൂഹത്തിലെ നിലയും വിലയുമാണെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തുക ഇതിന് പകരം വയ്ക്കാനാകില്ല. കുറ്റപത്രം സമർപ്പിക്കുംമുമ്പ് പൊലീസ് രണ്ടുവട്ടം ചിന്തിക്കണം. അന്വേഷണഘട്ടത്തിൽ കൃത്യമായ നിഗമനത്തിലെത്തണമെന്നും കോടതി പറഞ്ഞു. കാസർകോട് ബദിയടുക്കയിലെ ലൈംഗികാതിക്രമ കേസ് പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

പരാതിക്കാരി സ്ത്രീയാണെന്നതുകൊണ്ട് ഉന്നയിക്കുന്നതെല്ലാം സത്യമാണെന്ന് കരുതാനാകില്ല. നിരപരാധികൾക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണതയുണ്ട്. പരാതിക്കാരുടെയും കുറ്റാരോപിതരുടെയും ഭാഗം കേൾക്കണം. പരാതി വ്യാജമെങ്കിൽ നടപടിയെടുക്കാനും നിയമമുണ്ട്. സ്ത്രീകളുടെ കേസുകളിൽ തിരിച്ചടിഭയന്ന് പൊലീസ് പലപ്പോഴും നടപടിക്ക് മടിക്കുകയാണ്. അങ്ങനെയൊരു ആശങ്ക വേണ്ട. കണ്ടെത്തൽ സത്യമെങ്കിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും കോടതി പറഞ്ഞു.

ജോലിയിൽ വീഴ്ചവരുത്തിയതിന് ജീവനക്കാരിയെ മാർജിൻഫ്രീ മാർക്കറ്റിലെ മാനേജരായ ഹർജിക്കാരൻ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരിൽ അവർ ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ പരാതിനൽകി. ഇതിൽ അന്വേഷണം ഉണ്ടായില്ല. എന്നാൽ ഹർജിക്കാരൻ ദുരുദ്ദേശ്യത്തോടെ കൈയിൽ കടന്നുപിടിച്ചെന്നുകാട്ടി യുവതി പിന്നീട് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീയുടെ പരാതി വ്യാജമെന്ന് കണ്ടാൽ നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

`ആക്‌ഷൻ ഹീറോ ബിജു'

ഡയലോഗും വിധിയിൽ

സാധാരണക്കാരുടെ ആശ്രയമാണ് പൊലീസ് സ്റ്റേഷനുകൾ. സാമാന്യബുദ്ധി പ്രയോഗിച്ചാൽ പല കേസുകളും സ്റ്റേഷനിൽ തീർപ്പാക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത് മുൻനിറുത്തി നേരത്തേ ഇതേ ബെഞ്ചിന്റെ മറ്റൊരു ഉത്തരവുണ്ടായിരുന്നു.

`ആക്‌ഷൻ ഹീറോ ബിജു'സിനിമയിലെ `പാവപ്പെട്ടവരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും ഈ പൊലീസ് സ്റ്റേഷനാണ്' എന്ന ഡയലോഗ് അന്നത്തെ വിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ആ ഭാഗങ്ങൾ പുതിയ വിധിന്യായത്തിലും കോടതി ഉദ്ധരിച്ചു. ചില അവസരങ്ങളിൽ വിദ്യാഭ്യാസത്തേക്കാൾ പ്രധാനം സാമാന്യബുദ്ധിയാണെന്ന് സൂചിപ്പിക്കാൻ

പൂന്താനത്തിന്റെ, ''വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ...'' എന്ന വരിയും വിധിപ്പകർപ്പിലുണ്ട്. കുറ്റപത്രം നൽകിക്കഴിഞ്ഞാൽ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ വർഷങ്ങളെടുക്കും. അതിനാൽ അന്വേഷണഘട്ടത്തിൽ ജാഗ്രത വേണമെന്നാണ് ഹൈക്കോടതി എടുത്തുപറഞ്ഞത്.