അന്ന് സമ്മതിച്ചിരുന്നെങ്കിൽ കരുൺ കേരളത്തിന് കളിച്ചേനെ !

Monday 03 March 2025 12:52 AM IST

തിരുവനന്തപുരം : രണ്ട് സീസൺ മുമ്പ് കർണാടക രഞ്ജി ട്രോഫി ടീം വിടാൻ തീരുമാനിച്ച കരുൺ നായർക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ കേരളത്തിനായി കളിക്കുക. അല്ലെങ്കിൽ വിദർഭ തിരഞ്ഞെടുക്കുക. കേരള ക്രിക്കറ്റ് അസോസിയേഷനോട് തന്റെ താത്പര്യം കരുൺ അറിയിക്കുകയും ചെയ്തു. എന്നാൽ ആ സമയത്ത് ടീമിലെടുക്കേണ്ട അന്യസംസ്ഥാന താരങ്ങളെ നിശ്ചയിച്ചുപോയതിനാലും മറ്റൊരു ബാറ്ററെ ടീമിലെടുക്കേണ്ട ആവശ്യമില്ലാത്തതിനാലും കെ.സി.എ താത്പര്യം കാട്ടിയില്ല. ഇതോടെ കരുൺ വിദർഭയ്ക്ക് വണ്ടി കയറി. പിന്നീട് സംഭവിച്ചത് ചരിത്രം.

രാജസ്ഥാനിലെ ജോധ്പൂരിൽ മലയാളി കുടുംബത്തിൽ ജനിച്ച കരുൺ ക്രിക്കറ്റ് ഭാവി ലക്ഷ്യമിട്ടാണ് ബംഗളുരുവിലെത്തിയത്. അണ്ടർ 15 തലം മുതൽ കർണാടക ടീമിൽ കളിച്ചുതുടങ്ങി. 2016ൽ സിംബാബ്‌വെ പര്യടനത്തിലൂടെ ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറി. അതേവർഷം നവംബറിൽ ഇംഗ്ളണ്ടിനെതിരെ മൊഹാലിയിൽ ടെസ്റ്റിലും അരങ്ങേറ്റം. ചെന്നൈയിൽ കരിയറിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ടിനെതിരെ ട്രിപ്പിൾ സെഞ്ച്വറി(303*) നേടി വിസ്മയമായി.സെവാഗിനെക്കൂടാതെ ഇന്ത്യൻ ക്രിക്കറ്റിൽ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഏകതാരമാണ് കരുൺ. എന്നാൽ തുടർന്ന് ഓസ്ട്രേലിയ്ക്കെതിരെ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 54 റൺസ് മാത്രം നേടിയതോടെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായി. പിന്നീട് ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല.

നഷ്ടപ്പെട്ടുപോയ ഫോം വീണ്ടെടുക്കാൻ മനസുറപ്പോടെ കരുൺ ഇറങ്ങിയതുമുതലാണ് കഥ വീണ്ടും മാറിത്തുടങ്ങിയത്.ഇതിന്റെ ഭാഗമായാണ് കർണാടകം വിട്ടത്. ' ക്രിക്കറ്റ്, എനിക്ക് ഒരു അവസരംകൂടി തരുമോ ?" എന്ന കരുണിന്റെ ഇക്കാലത്തെ ട്വീറ്റ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ സീസണിൽ മാത്രം 1500 ലധികം റൺസാണ് വിദർഭയ്ക്കായി വിവിധ ഫോർമാറ്റുകളിൽ കരുൺ നേടിയത്. ഈ സീസണിൽ രഞ്ജി ട്രോഫിയിൽ 863 റൺസും വിജയ് ഹസാരേ ട്രോഫിയിൽ 779 റൺസും സെയ്ദ് മുഷ്താഖ് ട്രോഫിയിൽ 255 റൺസും നേടി. ഒരു സീസണിൽ ഒൻപത് സെഞ്ച്വറികൾ നേടിയ കരുണിനെ ഇന്ത്യൻ ടീം വീണ്ടും വിളിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.