22-ാം ദിവസം സമരം  കടുപ്പിച്ച്  ആശാ  വർക്കർമാർ; നിയമസഭാ  മാർച്ച്  നടത്തി

Monday 03 March 2025 2:38 PM IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരം കടുപ്പിച്ച് ആശാ വർക്കർമാർ. 22 ദിവസമായി ആശാവർക്കർമാരുടെ സമരം തുടങ്ങിയിട്ട്. ഇന്ന് ആശാവർക്കർമാരുടെ നിയമസഭാ മാർച്ച് നടത്തി. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാവർക്കർമാരുടെ സമരം.

വേതനവർദ്ധനവ് ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവർക്കർമാർ സമരത്തിൽ തുടരുന്നത്. അതിനിടെ സമരത്തിന് പലകോണുകളിൽ നിന്നും പിന്തുണ ഏറുകയാണ്. ഇന്നലെ സമരത്തിന് ഊർജ്ജം പകർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയിരുന്നു . സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാവർക്കർമാരെ കണ്ട് മടങ്ങാൻ തുടങ്ങവേയാണ് തന്റെ ഡ്രീംസ് സിനിമയിലെ 'മണിമുറ്റത്താവണിപ്പന്തൽ നീരാട്ടുപോലെ അണിയാരത്തമ്പിളിപ്പന്തൽ' എന്ന ഗാനം ജഗതി സ്വദേശി സതി ആലപിച്ചത്.

തുടർന്ന് സുരേഷ് ഗോപി സമരക്കാർക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. പതിനൊന്നോടെയാണ് ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി സമരപ്പന്തലിലെത്തിയത്. മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കും. സമരസമിതിക്ക് പറയാനുള്ളത് കേൾക്കാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, ആശാവർക്കർമാരുടെ സമരം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഇരട്ടത്താപ്പ് കൂടുതൽ വ്യക്തമാവുകയാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തങ്ങൾ ഭരിക്കുന്നയിടങ്ങളിൽ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും എന്നതാണ് പണ്ടേ അവർ അവലംബിക്കുന്നത്.


തെലങ്കാനയിലും കർണ്ണാടകയിലും ആശാവർക്കർമാരുടെ പ്രശ്നങ്ങൾ അവഗണിച്ച കോൺഗ്രസാണ് കേരളത്തിൽ അവർക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎമ്മാകട്ടെ തെലങ്കാനയിൽ ആശാവർക്കർമാരുടെ സമരത്തെ പിന്തുണക്കുകയും ഇവിടെ സമരക്കാരെ അരാജവാദികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നു. 'ഇന്ത്യ' സഖ്യത്തിന് ഒരു വിഷയത്തിലും ഒരുമയോ ആത്മാർത്ഥതയോ ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.