ഡോ. ജോർജ് പി. എബ്രഹാം ജീവനൊടുക്കി
നെടുമ്പാശേരി: പതിനായിരക്കണക്കിന് ശസ്ത്രക്രിയകൾ നടത്തി രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന രാജ്യത്തെ പ്രമുഖ വൃക്കരോഗ വിദഗ്ദ്ധൻ ഡോ. ജോർജ് പി. എബ്രഹാമിനെ (77) സ്വന്തം ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 3300 വൃക്കമാറ്റിവയ്ക്കലടക്കം അരലക്ഷത്തിലേറെ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ദേശീയതലത്തിൽ ഈ രംഗത്ത് മറ്റു ഡോക്ടർമാർക്ക് മാർഗദർശിയായിരുന്നു.
24 വർഷമായി എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ യൂറോളജി വിഭാഗം തലവനും സീനിയർ ട്രാൻസ്‌പ്ളാന്റ് സർജനുമായിരുന്നു. രോഗികളോട് കാരുണ്യവും കരുതലും കാട്ടിയിരുന്ന അദ്ദേഹം ശസ്ത്രക്രിയകൾ നടത്തുന്നതിൽ അഗ്രഗണ്യനായിരുന്നു. അതിൽ പോരായ്മ സംഭവിക്കുമോ എന്ന ആശങ്ക അലട്ടിയിരുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് ലഭിക്കുന്ന സൂചന. എറണാകുളം എളംകുളം പളത്തുള്ളിൽ കൂളിയാട്ട് വീട്ടിലായിരുന്നു താമസം.
നെടുമ്പാശേരി ഗോൾഫ് കോഴ്സിനു പിന്നിൽ തുരുത്തിശേരിയിലെ ജി.പി ഫാം ഹൗസിൽ മുകൾ നിലയിലേക്കുള്ള കോണിപ്പടിക്ക് സമീപം തൂങ്ങിയ നിലയിൽ ഞായറാഴ്ച രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടോടെ പ്ളാസ്റ്റിക്ക് കയറുമായി ഡോക്ടർ ഫാം ഹൗസിലേക്ക് തിരിച്ചുപോകുന്ന സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ബ്രഹ്മപുരത്തെ ഇൻഫോപാർക്ക് ഫേസ് രണ്ടിന് സമീപത്തെ ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.ഭാര്യ: ഡെയ്‌സി ജോർജ്. മകൻ: ഡോ. ഡാറ്റ്സൺ പി. ജോർജ് (ട്രാൻസ്‌പ്ളാന്റ് യൂറോളജിസ്റ്റ്, ലേക്‌ഷോർ ആശുപത്രി). മരുമകൾ: റിയ ഡാറ്റ്സൺ (മാദ്ധ്യമപ്രവർത്തക).
'പ്രായം കൂടി, നന്നായി കൈവിറയുണ്ട്. അതുകൊണ്ട് ശസ്ത്രക്രിയകൾ നടത്തുമ്പോൾ സംതൃപ്തി കിട്ടുന്നില്ല. അതിനാൽ എല്ലാം അവസാനിപ്പിക്കാൻ സമയമായി".
- ഡോ. ജോർജ് പി. എബ്രഹാം, (ആത്മഹത്യ ചെയ്ത വീട്ടിൽ നിന്ന് ലഭിച്ച കുറിപ്പ്)