ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി തടി രക്ഷിച്ചു: കെ .സുധാകരൻ
തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി എം .ശിവശങ്കറെ ബലിയാടാക്കി സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ അദ്ദേഹത്തിനു വേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രൂപപ്പെട്ട ബി.ജെ.പി , സി.പി.എം ബന്ധമാണ് ലൈഫ് മിഷൻ കേസും സ്വർണക്കടത്തു കേസും ഇല്ലാതാക്കിയത്. പിണറായി വിജയനെ കേസിൽ നിന്നൂരാൻ മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബി.ജെ.പി സഹായിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്ത 15 കോടിയുടെ സ്വർണം, ലൈഫ് മിഷന് യു.എ.ഇ നല്കിയ 20 കോടിയിൽ നടത്തിയ വെട്ടിപ്പ് തുടങ്ങിയ അതീവ ഗുരുതരമായ കേസുകളാണ് ഇല്ലാതായത്.
മുഖ്യമന്ത്രിക്കു വേണ്ടി ദുബായിലേക്ക് സ്വർണവും ഡോളറും കടത്തിയെന്ന ആരോപണം ഉന്നയിച്ചത് വലംകൈയായിരുന്ന സ്വപ്ന സുരേഷാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കോൺസുലേറ്റിൽ നിന്ന് സ്ഥിരമായി എത്തിയിരുന്ന ബിരിയാണി ചെമ്പുകൾ, സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലി, അവരുടെ ഭർത്താവിന് കെ .ഫോണിൽ ജോലി, നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ നടത്തിയ ഇടപെടലുകൾ, തുടങ്ങിയ നിരവധി കണ്ണികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി ഇല്ലാതാക്കിയതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.