രോഹിത് തടിയനെന്ന് പോസറ്റ്, പുലിവാല് പിടിച്ച് ഷമയും കോൺഗ്രസും

Tuesday 04 March 2025 7:29 AM IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശ‌ർമ്മ തടിയനും മോശം ക്യാപ്‌ടനുമാണെന്ന് എക്സിൽ കുറിച്ച കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ രൂക്ഷ വിമ‌ർശനം. സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് പോസ്റ്റ് നീക്കം ചെയ്യിച്ചെങ്കിലും ഷമയ്‌‌ക്കെതിരായ വിമർശനങ്ങൾ അവസാനിച്ചിട്ടില്ല. ക്ഷമയുടെ പോസ്റ്റിനെ പിന്തുണയ്‌ക്കുന്നില്ലെന്ന് വ്യക്തമാക്കിയെങ്കിലും രാഷ്‌ട്രീയപരമായി കോൺഗ്രസിനും ക്ഷീണമായി ഷമയുടെ പോസ്റ്റ്. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ അവസാന മത്സരത്തിൽ രോഹിത് 17 പന്തിൽ 15 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് ഷമ ഇന്ത്യൻ നായകനെ വിമ‌ർശച്ച് പോസ്റ്റിട്ടത്. ഒരു കായിക താരമെന്ന നിലയ്‌ക്ക് രോഹിത് തടിയനാണ്,​ വണ്ണം കുറയ്ക്കണം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികവില്ലാത്ത ക്യാപ്ടനാണ് രോഹിത് എന്നുമാണ് ഷമ എക്സിൽ കുറിച്ചത്.

പാകിസ്ഥാനിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ പോലും ഷമയെ വിമ‌ർശിച്ച് രംഗത്തെത്തി. രാഹുൽ ഗാാന്ധിയുടെ കീഴിൽ തൊണ്ണൂറോളം തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട പാർട്ടി രോഹിതിനെ ബോഡി ഷെയ്‌മിംഗ് ചെയ്യുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

തള്ളികോൺഗ്രസ്

ഷമയുടെ നിലപാട് പാ‌ർട്ടിയുടേതല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. കായിക മേഖലയിലെ വ്യക്തിത്വങ്ങളുടെ നേട്ടങ്ങളെ കോൺഗ്രസ് ബഹുമാനത്തോടെയാണു കാണുന്നത്. അവരെ ഇകഴ്ത്തുന്ന പ്രസ്താവനകളെ അംഗീകരിക്കാൻ സാധിക്കില്ല.ഷമയോട് പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേര പറഞ്ഞു.

നിർഭാഗ്യകരം,​ ബാലിശം

ഷമ മുഹമ്മദിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യൻ ക്യാപ്ടൻ രോഹതിനെ അവഹേളിക്കുന്നതുമാണെന്ന് ബി.സി.സി.ഐ ദേവജി‌ത്ത് സൈകിയ വിമർശച്ചു. ചാമ്പ്യൻസ് ട്രോഫയിൽ ഇന്ത്യൻ ടീം മികച്ച പ്രകടമാണ് നടത്തുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ സെമിയിൽ ഇറങ്ങാനിരിക്കെ ക്യാപ്‌ടനെക്കുറിച്ചുള്ള പ്രസ്താവന ദൗർഭാഗ്യകരമായിപ്പോയി. ഇത് അംഗീകരിക്കാനാകില്ല. ഉത്തരവാദിത്വപ്പെട്ട പദവിയിൽ ഇരിക്കുന്നയാൾക്ക് ചേർന്നതല്ലയിത്. - സൈകിയ പറഞ്ഞു. ഇന്ത്യൻ ടീമിലെ ഏറ്റവും കായികക്ഷമതയുള്ള താരങ്ങളിലൊരാണ് രോഹിതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ രാജീവ് ശുക്ല പറഞ്ഞു.

ബോഡി ഷെയ്‌മിംഗ് അല്ല

രോഹിതിനെതിരെ ബോഡി ഷെയ്‌മിംഗ് നടത്തിയിട്ടില്ലെന്നും ഒരു കായിക താരം എപ്പോഴും ഫിറ്റായിരിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും ഷമ പറഞ്ഞു.