കണ്ണൂർ വനിതാ ജയിലിന് മുകളിൽ രാത്രി അ‌ജ്ഞാത ഡ്രോൺ; രണ്ടുതവണ വലംവച്ചു

Tuesday 04 March 2025 5:07 PM IST

കണ്ണൂർ: അതിസുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂർ വനിതാ ജയിലിന് മുകളിൽ അജ്ഞാതർ ഡ്രോൺ പറത്തി. ശനിയാഴ്ച രാത്രി 11.15ഓടെയാണ് സംഭവം നടന്നത്. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റർ ഉയരത്തിലാണ് ജയിൽ സുരക്ഷയ്ക്ക് ഭീഷണിയായി ഡ്രോൺ പറന്നെത്തിയത്. ചുവപ്പും പച്ചയും നിറങ്ങളുള്ള ലെെറ്റുകൾ പ്രകാശിപ്പിച്ച് കെട്ടിടം രണ്ടുതവണ വലംവച്ചാണ് ഡ്രോൺ അപ്രത്യക്ഷമായത്.

ജയിൽ ജീവനക്കാരാണ് സൂപ്രണ്ടിനെ ഇക്കാര്യം അറിയിച്ചത്. തുടർന്ന് സൂപ്രണ്ട് ടൗൺ പൊലീസിൽ പരാതി നൽകി. ഡ്രോൺ പറത്തിയത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിവാഹത്തിനോ മറ്റ് ആഘോഷങ്ങൾക്കോ മാത്രമാണ് അധികവും ഡ്രോൺ പറത്തി ദൃശ്യങ്ങൾ എടുക്കുന്നത്. എന്നാൽ ശനിയാഴ്ച സമീപ പ്രദേശത്ത് വിവാഹമോ ഉത്സവമോ ഒന്നും നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. സെൻട്രൽ ജയിലിന് സമീപം ജില്ലാ ജയിലും സ്പെഷ്യൽ സബ് ജയിലുമാണുള്ളത്. ഇതിന് പിറകിലായിട്ടാണ് വലിയ മതിലുകളാൽ ചുറ്റപ്പെട്ട വനിതാ ജയിൽ.