കെഎസ്‌ആർ‌ടി‌സി ജീവനക്കാർക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി മന്ത്രി ഗണേശ്, ഒന്നാം തീയതി തന്നെ ശമ്പളം അക്കൗണ്ടിലെത്തും

Tuesday 04 March 2025 8:20 PM IST

തിരുവനന്തപുരം: ഒടുവിൽ കെഎസ്‌ആർ‌ടി‌സി ജീവനക്കാർക്കെല്ലാം സന്തോഷമേകുന്ന പ്രഖ്യാപനവുമായി ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ. ഇനിമുതൽ എല്ലാ ജീവനക്കാർക്കും ഒന്നാംതീയതി തന്നെ ശമ്പളം അക്കൗണ്ടിലെത്തും. ഈ മാസത്തെ ശമ്പളം ഇന്നു‌തന്നെ നൽകിത്തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. സർ‌ക്കാർ സഹായത്തോടെയാണ് ശമ്പളം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. പലതവണയായി 10000 കോടിരൂപ ഇതുവരെ കെഎസ്‌ആർ‌ടിസിയ്‌ക്ക് സർക്കാർ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാമാസവും ഒന്നാംതീയതി ശമ്പളം നൽകാൻ അൻപത് കോടി ഇനിമുതൽ സർക്കാർ നൽകും. എസ്‌ബി‌‌ഐയിൽ നിന്ന് ഇതിനായി നൂറ്കോടി ഓവർഡ്രാഫ്‌റ്റെടുത്ത് 20 ദിവസത്തിനകം അടച്ചുതീർക്കും. സർക്കാർ രണ്ട് ഗഡുക്കളായി 50 കോടി തരുമ്പോഴാണ് പണം തിരിച്ചടയ്‌ക്കുക. പെൻഷനും കൃത്യമായി കൊടുക്കും. വരുമാനത്തിന്റെ അഞ്ച് ശതമാനം പെൻഷനായി മാറ്റി‌വയ്‌ക്കും. രണ്ട് മാസത്തിനകം കൃത്യമായി പെൻഷൻ വിതരണവും ‌സാദ്ധ്യമാകും. ഒരുവർഷത്തിനകം പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കൊടുത്തുതീർക്കാൻ ധാരണയായി. കെഎസ്ആർ‌ടി‌സിയ്‌ക്കുള്ള 148 അക്കൗണ്ടുകൾ ക്ളോസ് ചെയ്തു. ഇനി ഓവർഡ്രാഫ്‌റ്റ് അക്കൗണ്ട് മാത്രമാണുള്ളതെന്നും മന്ത്രി അറിയിച്ചു. പിഎഫ് ആനുകൂല്യങ്ങളും ഉടൻ നൽകാനാകും എന്നാണ് മന്ത്രി വ്യക്തമാക്കിയത്.