കെട്ടിട പെർമിറ്റ് അപേക്ഷ സോഫ്ട്‌‌വെയർ പഴുത് മുതലെടുത്ത് ചൂഷണം

Wednesday 05 March 2025 12:31 AM IST

തിരുവനന്തപുരം: കെ സ്മാർട്ടിലൂടെ നൽകുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷയിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്ന അപാകതകൾ യഥാസയമം പരിഹരിക്കാതെ ചില ലൈസൻസികൾ ഉടമകളെ വലയ്ക്കുന്നു. ഇതിനായി അമിത നിരക്ക് ഇടാക്കുന്നതായും പരാതിയുണ്ട്. കെട്ടിട നിർമ്മാണ പെർമിറ്റ് അതിവേഗം ലഭ്യമാക്കാനാണ് കെ സ്മാർട്ട് സോഫ്ട്‌‌വെയർ സംവിധാനം 2024 ജനുവരി മുതൽ സംസ്ഥാനത്ത് നടപ്പാക്കിയത്.

അപേക്ഷ നൽകി പെർമിറ്റ് അനുവദിക്കും വരെയുള്ള ഘട്ടത്തിൽ ബിൽഡിംഗ് ഡിസൈനർ, ആർക്കിടെക്ട് എന്നിവരുൾപ്പെടെയുള്ള ലൈസൻസികളെ മാറ്റാനാകില്ല. ഇത് മുതലെടുത്താണ് ചില ലൈസൻസികളുടെ ചൂഷണവും അട്ടിമറി ശ്രമവും. ലൈസൻസി മുഖേനയാണ് അപേക്ഷ നൽകേണ്ടത്.

3229 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ളതോ എഴുമീറ്ററിൽ കൂടുതൽ ഉയരമുള്ളതോ ആയ കെട്ടിടങ്ങൾക്ക് പ്ലാനും രേഖകളും പരിശോധിച്ചാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പെർമിറ്റ് അനുവദിക്കുന്നത്. പ്ലാനിലും രേഖകളിലും വ്യത്യാസമുണ്ടെങ്കിൽ തിരുത്താൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കും.

എന്നാൽ, അതിന് ചില ലൈസൻസികൾ തയ്യാറാകുന്നില്ല. ഇതിനായി കൂടുതൽ നിരക്കും ആവശ്യപ്പെടും. തിരുത്തൽ വരുത്താതെ നീട്ടിക്കൊണ്ടു പോകുന്നതോടെ പെർമിറ്റ് യഥാസമയം കിട്ടില്ല. ഉടമകൾക്ക് കെട്ടിട നിർമ്മാണം തുടങ്ങാനുമാവില്ല. ഒടുവിൽ, ഈ അപേക്ഷ പിൻവലിച്ച് പുതിയ ലൈസൻസിയെ കണ്ടെത്തി വീണ്ടും അപേക്ഷിക്കേണ്ടിവരുന്നു. ഇതിനും ഫീസ് നൽകേണ്ടിവരുന്നത് ഉടമകൾക്ക് സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു.

30 ദിവസം

പെർമിറ്റ് അനുവദിക്കേണ്ട സമയപരിധി

4000 രൂപ

പെർമിറ്റ് അപേക്ഷാ ഫീസ്

''ലൈസൻസികളുടെ ഭാഗത്തുണ്ടാകുന്ന വീഴ്ചകൾ അംഗീകരിക്കാനാകില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സംവിധാനം കെ സ്മാർട്ടിൽ ഒരുക്കണം

-കവടിയാർ ഹരികുമാർ,

പ്രസിഡന്റ്, ഓൾ കേരള ബിൽഡിംഗ്

ഡിസൈനേഴ്സ് ഓർഗനൈസേഷൻ