സിലബസ് മാറി, സെമസ്റ്റർ പകുതിയായപ്പോൾ
തിരുവനന്തപുരം: നാലുവർഷ ബിരുദത്തിന്റെ രണ്ടാം സെമസ്റ്റർ പകുതിയായപ്പോൾ മൂന്നു കോഴ്സുകളിലെ സിലബസിൽ വ്യത്യാസം വരുത്തി കേരള സർവകലാശാല. മലയാളം, ഹിസ്റ്ററി, കോമേഴ്സ് വിഷയങ്ങളിലെ സിലബസാണ് മാറ്റിയത്. ഡിസംബർ 19ന് രണ്ടാം സെമസ്റ്ററിന്റെ ക്ലാസ് തുടങ്ങി. അക്കാഡമിക് കലണ്ടർ പ്രകാരം ഏപ്രിൽ ഒന്നു മുതൽ 15വരെയാണ് പരീക്ഷ നടത്തേണ്ടത്. ഇതിനായി അതിവേഗം അദ്ധ്യാപകർ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനിടെയാണ് സിലബസിൽ വ്യത്യാസവുമായി സർവകലാശാല ഉത്തരവിറക്കിയത്.
അതത് ബോർഡ് ഒഫ് സ്റ്റഡീസാണ് സിലബസ് മാറ്റുന്നത്. കൊമേഴ്സിന്റെയും ഹിസ്റ്ററിയുടെയും സിലബസ് കഴിഞ്ഞ 22നും മലയാളത്തിന്റേത് ജനുവരി 30നുമാണ് മാറ്റിയത്. കൊമേഴ്സിൽ മോട്ടിവേഷൻ ആൻഡ് ലീഡർഷിപ്പ് എന്ന മൊഡ്യൂൾ പൂർണമായി ഒഴിവാക്കി. സെമസ്റ്റർ തുടങ്ങുംമുൻപേയാണ് സിലബസിൽ മാറ്റംവരുത്താറുള്ളത്. സെമസ്റ്ററിനിടയിലെ സിലബസ് മാറ്റം കുട്ടികളിലും അദ്ധ്യാപകരിലും കടുത്ത ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്.
ഒന്നാംസെമസ്റ്ററിന്റെ ഫലം വന്ന് 45ദിവസത്തിനകം ഇംപ്രൂവ്മെന്റ് നടത്തുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. ഇതുപ്രകാരം ഫെബ്രുവരി ആദ്യവാരം നടത്തേണ്ട പരീക്ഷയ്ക്ക് ഇതുവരെ വിജ്ഞാപനമിറക്കിയിട്ടില്ല. കുട്ടികളുടെ ഒരു സെമസ്റ്റർ നഷ്ടമാവാതിരിക്കാനാണ് അതിവേഗ പരീക്ഷ പ്രഖ്യാപിച്ചിരുന്നത്.
ഒഴിവാക്കിയത് പിശകുകൾ- രജിസ്ട്രാർ
സിലബസിലെ പിശകുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയതെന്ന് രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ പറഞ്ഞു. ബോർഡ് ഒഫ് സ്റ്റഡീസ് തീരുമാനപ്രകാരമാണിത്. ചിലതെല്ലാം ഒഴിവാക്കിയതല്ലാതെ പുതുതായി കൂട്ടിച്ചേർത്തിട്ടില്ല. ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിൽ തന്നെ നടത്തും.
ഇഗ്നോ ബിരുദദാന സമ്മേളനം
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 38 മത് ബിരുദദാന സമ്മേളനം ഇന്ന് ന്യൂഡൽഹി ആസ്ഥാനത്തും രാജ്യത്തെ 30 മേഖലാ കേന്ദ്രങ്ങളിലുമായി നടത്തും. ന്യൂഡൽഹി ആസ്ഥാനത്തുനടക്കുന്ന സമ്മേളനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മുഖ്യാതിഥി ആയിരിക്കും.
ഇഗ്നോ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ ബിരുദദാന സമ്മേളനം രാവിലെ 11 മണിക്ക് ഇഗ്നോമുട്ടത്തറ മേഖലാ കേന്ദ്രത്തിൽ നടത്തും. ഡോ. ടെസ്സി തോമസ് ബിരുദദാനം നിർവഹിക്കും. തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൽ നിന്നും 4298 പേർ ഇത്തവണ
ബിരുദത്തിനു അർഹത നേടിയിട്ടുണ്ട്.
കോഴിക്കോട്ട് സമസ്ത യൂണിവേഴ്സിറ്റിക്ക്
100 കോടിയുടെ പദ്ധതി
കോഴിക്കോട്: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നു. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ ആദ്യഘട്ടത്തിൽ 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കാൻ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സമസ്തയ്ക്കു കീഴിലുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളെ സർവകലാശാലയ്ക്കു കീഴിൽ ഏകോപിപ്പിക്കും. പാരമ്പര്യ വിദ്യാഭ്യാസത്തെ ആധുനികവത്കരിക്കും. വാണിജ്യ, വൈദ്യ രംഗത്ത് പ്രത്യേക ഗവേഷണ വിഭാഗങ്ങളും ആരംഭിക്കും. പ്രാഥമികഘട്ടത്തിൽ സാമൂഹിക, മാനവിക പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകും. തുടർന്ന് ആധുനിക സാങ്കേതിക പഠന മേഖലകളെയും ഉൾക്കൊള്ളിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 60ലധികം സർവകലാശാലകളുമായി ചേർന്നാണ് സമസ്തയുടെ നേതൃത്വത്തിലുള്ള കോളേജുകൾ പ്രവർത്തിക്കുന്നത്. യോഗത്തിൽ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പി.എ. ഐദറൂസ് മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, കോടമ്പുഴ ബാവ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.