റാഗിംഗ് കേസുകൾക്ക് പ്രത്യേക ബെഞ്ച് സ്വാഗതാർഹം: ചെന്നിത്തല

Wednesday 05 March 2025 12:40 AM IST

തിരുവനന്തപുരം: റാഗിംഗ് കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള ഹൈക്കോടതി തീരുമാനം സ്വാഗതാർഹമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

പൂക്കോട് വെറ്റിറനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദികളായ വിദ്യാർത്ഥികൾക്കു തുടർ പഠനം അനുവദിച്ച സിംഗിൾ ബെഞ്ച് വിധിയിൽ അതിശക്തമായ അമർഷം രേഖപ്പെടുത്തിയ തന്നേപ്പോലുള്ള പൊതുപ്രവർത്തകരുടെ വികാരം ഹൈക്കോടതി കണക്കിലെടുത്തതായി കരുതുന്നുവെന്നും അതിന്റെ കൂടി ഫലമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ റാഗിംഗ് കേസുകൾ വർദ്ധിക്കുകയും അതിൽ കുറ്റക്കാരായവർ രാഷ്ട്രീയ സംരക്ഷണം മൂലം ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. പ്രതികൾക്ക് യൂണിവേഴ്സിറ്റിയുടെയും പൊലീസിന്റെയും സർക്കാരിന്റെയും സംരക്ഷണം ലഭിക്കുന്നു. പുതിയ ബെഞ്ചിന്റെ രൂപീകരണം റാഗിംഗ് അവസാനിപ്പിക്കാനുള്ള ആദ്യത്തെ പടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.