കണ്ണൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് വാഹനത്തിൽ കയറ്റി, താടി തകർന്ന നിലയിൽ, നില ഗുരുതരം

Wednesday 05 March 2025 6:15 PM IST

കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് വനംവകുപ്പ് സംഘം. വെറ്റിനറി ഡോക്‌ടർ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലെ സംഘമാണ് മയക്കുവെടി വച്ചത്. ഇന്ന് പുലർച്ചെയാണ് കരിക്കോട്ടക്കരി മേഖലയിൽ ആനയെ കണ്ടത്. വായിൽ മുറിവ് പറ്റിയ നിലയിലാണ് ആന. പരിക്ക് ഗുരുതരമാണെന്നാണ് കണ്ടെത്തൽ.

താടിയെല്ലിന് പരിക്കേറ്റ ആനയ്‌ക്ക് അതുകാരണം ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ വയ്യാത്ത സ്ഥിതിയിലാണ്. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കുട്ടിയാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ എത്തിയത്. വെടിയേറ്റ് മയങ്ങിയ ആനയെ വനംവകുപ്പ് എലിഫെന്റ് ആംബുലൻസിൽ കയറ്റി. തീരെ അവശയായ നിലയിലാണ് ആന. വിദഗ്‌ദ്ധ ചികിത്സ ആനയ്‌ക്ക് നൽകാനാണ് ശ്രമം.