ട്രംപിന്റെ ഭീഷണി അവഗണിച്ച് ഇന്ത്യൻ വിപണി
ഓഹരിയും രൂപയും മുന്നേറ്റ പാതയിൽ
കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏപ്രിൽ രണ്ട് മുതൽ പാരസ്‌പര്യ നികുതി ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി അവഗണിച്ച് രാജ്യത്തെ ഓഹരി വിപണിയും രൂപയും മികച്ച നേട്ടമുണ്ടാക്കി. ട്രംപിന്റെ വ്യാപാര യുദ്ധം ലോകമെമ്പാടുമുള്ള വിപണികളെ വിൽപ്പന സമ്മർദ്ദത്തിലാക്കിയപ്പോഴാണ് ഇന്ത്യ ശക്തമായി പിടിച്ചുനിൽക്കുന്നത്. ഐ.ടി ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. സെൻസെക്സ് 740.10 പോയിന്റ് നേട്ടവുമായി 73,730.23ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 254.65 പോയിന്റ് ഉയർന്ന് 22,337.30ൽ അവസാനിച്ചു. മെറ്റൽ, വാഹന മേഖലകളിലെ ഓഹരികളും മുന്നേറി.
പത്ത് ദിവസം തുടർച്ചയായി നഷ്‌ടം നേരിട്ടതിന് ശേഷമാണ് വിപണി ഇന്നലെ തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത വിലത്തകർച്ച ഓഹരികളെ നിക്ഷേപ യോഗ്യമാക്കിയതാണ് വാങ്ങൽ താത്പര്യം വർദ്ധിപ്പിച്ചതെന്ന് അനലിസ്‌റ്റുകൾ പറയുന്നു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും ശക്തമായ മുന്നേറ്റം നടത്തി.
അദാനി പോർട്ട്‌സ്, ടാറ്റ സ്‌റ്റീൽ, അദാനി എന്റർപ്രൈസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ് എന്നിവയുടെ ഓഹരികളുടെ വില അഞ്ച് ശതമാനം വരെ ഉയർന്നു. ബജാജ് ഫിനാൻസ്, ഇന്ത്യൻ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ശ്രീറാം ഫിനാൻസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ.
നേട്ടത്തോടെ രൂപ
ഓഹരികളുടെ മുന്നേറ്റവും റിസർവ് ബാങ്കിന്റെ വിപണി ഇടപെടലുകളും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുത്തി. മൂന്നാഴ്ചയ്ക്കിടെയിലെ ഏറ്റവും വലിയ പ്രതിദിന നേട്ടവുമായാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ ഇന്നലെ രൂപയുടെ മൂല്യം 30 പൈസ മെച്ചപ്പെട്ട് 86.96ൽ അവസാനിച്ചു.
വ്യാപാര യുദ്ധം ശക്തമാകുന്നു
കാനഡ, മെക്സികോ എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചൊവ്വാഴ്‌ച മുതൽ 25 ശതമാനം തീരുവ ഈടാക്കുന്നു. ഇതോടൊപ്പം ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ പത്ത് ശതമാനം വർദ്ധിപ്പിച്ച് ഇരുപത് ശതമാനമാക്കിയിട്ടുണ്ട്. ഇതിന് തിരിച്ചടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഈ രാജ്യങ്ങൾ അധിക ഇറക്കുമതി തീരുവ ഈടാക്കാനുള്ള നീക്കത്തിലാണ്. തീരുവ വർദ്ധിച്ചതോടെ അമേരിക്കയിൽ നാണയപ്പെരുപ്പം ഉയരാനുള്ള സാദ്ധ്യതയേറി.
ട്രംപ് ഭീഷണി ഇന്ത്യയ്ക്ക് സൃഷ്‌ടിക്കാവുന്ന പ്രതിവർഷ ബാദ്ധ്യത
700 കോടി ഡോളർ