ഈസി ഇംഗ്ലീഷുമായി എസ്.എസ്.എൽ.സി രണ്ടാം ദിനം
എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷയും ഈസിയായതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികൾ. ഗദ്യ,പദ്യ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള Comprehension ചോദ്യങ്ങളിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ഇതര ചോദ്യങ്ങളും ഉൾപ്പെടുത്തിയത് കുറഞ്ഞ നിലവാരം പുലർത്തുന്നവർക്കും സഹായകമായി. പാബ്ലോ നെരൂദയുടെ കവിതാശകലത്തെ ആസ്പദമാക്കിയുള്ള ആസ്വാദനക്കുറിപ്പ് മുഴുവൻ സ്കോർ ലക്ഷ്യമിടുന്ന മിടുക്കർക്ക് ഏക വെല്ലുവിളിയായിരുന്നു.
ഏഴ് മാർക്കിനുള്ള രണ്ട് ചോദ്യങ്ങളും വിദ്യാർത്ഥികൾക്ക് പരിചിതവും മാനവിക മൂല്യങ്ങളുടെ പ്രാധാന്യവും വർത്തമാനകാല സമൂഹവുമായി ഏറെ ബന്ധപ്പെട്ട നിൽക്കുന്ന ആശയങ്ങളുടെ അപഗ്രഥനം സാദ്ധ്യമാകുന്നതുമായിരുന്നു.
ഡയറിക്കുറിപ്പ്,നോട്ടീസ് രൂപരേഖ തയ്യാറാക്കൽ എന്നിവ മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഏറെ ആശ്വാസകരമായ ചോദ്യങ്ങളായി. പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം വിവരിക്കുന്ന റസ്കിൻ ബോണ്ടിന്റെ 'അഡ്വഞ്ചർ ഇൻ എ ബനിയൻ ട്രീ' എന്ന കഥയെ ആസ്പദമാക്കിയുള്ള പ്രഭാഷണം തയ്യാറാക്കൽ വിദ്യാർത്ഥികളുടെ ഭാഷാശൈലി പ്രകടമാക്കുന്നതിനായി നിലവാരമുള്ള ചോദ്യമായിരുന്നു.
മാർത്ത എന്ന കഥാപാത്രത്തിന്റെ വാക്കുകളും പ്രവൃത്തിയും അപഗ്രഥിച്ചു കൊണ്ടുള്ള ക്യാരക്ടർ സ്കെച്ച് തയ്യാറാക്കുക വിദ്യാർത്ഥികളുടെ ഭാഷാശൈലി നിലവാരം അളക്കുന്നതിനുള്ള ചോദ്യമായിരുന്നു. വ്യാകരണ സംബന്ധമായ എല്ലാ ചോദ്യങ്ങളും സമഗ്രവും നിലവാരമുള്ളവയുമായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ കാല്പനിക കാലഘട്ടത്തിന് തുടക്കം കുറിച്ച കവിയായ വില്യം വേഡ്സ് വർത്തിന്റെ കവിതയെ ഉൾക്കൊള്ളിച്ചുള്ള ചോദ്യങ്ങൾ ഇല്ലതെയിരുന്നത് നിരാശയുണ്ടാക്കിയെങ്കിലും മികച്ച നിലവാരം പുലർത്തിയതും സങ്കീർണതകളില്ലാത്തതുമായിരുന്നു ഇംഗ്ലീഷ് പരീക്ഷ.
തയാറാക്കിയത്:
സാബു എൻ.
ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകൻ,
ഗവ. ഹൈസ്‌കൂൾ അവനവഞ്ചേരി