വീട്ടിൽ പ്രശ്നങ്ങളുണ്ട്, തിരിച്ചുപോകാൻ താത്പര്യമില്ലെന്ന് ആദ്യം പറഞ്ഞു; പെൺകുട്ടികളെ ഉടൻ കേരള പൊലീസിന് കൈമാറും
മുംബയ്: മുംബയ് ലോണാവാലയിൽ നിന്ന് കണ്ടെത്തിയ മലപ്പുറത്തെ പ്ലസ് ടു വിദ്യാർത്ഥിനികളെ ഉടൻ കേരള പൊലീസിന് കൈമാറും. ഇരുവരെയും പൂനെ റെയിൽവേ സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇവരെ ഏറ്റുവാങ്ങാനായി താനൂർ എസ് ഐയും രണ്ട് പൊലീസുകാരും എട്ട് മണിയോടെ പൂനെയിൽ എത്തുമെന്നാണ് വിവരം. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താത്പര്യമില്ലെന്നുമാണ് പെൺകുട്ടികൾ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് വീട്ടിലേക്ക് പോകാൻ സന്തോഷമാണെന്ന് പറഞ്ഞതായി മുംബയ് പൊലീസ് അറിയിച്ചു. നാട്ടിലെത്തിച്ച ശേഷം രണ്ടുപേരെയും കൗൺസിലിംഗിന് വിധേയമാക്കും.
താനൂർ ദേവദാർ സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ഇരുവരും. ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. സ്കൂളിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് പുലർച്ചെ ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസാണ് ഇവരെ കണ്ടെത്തിയത്.
വിദ്യാർത്ഥിനികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിർണായകമായത്. ഇരുവരുടെയും ഫോണുകൾ നേരത്തെ സ്വിച്ച് ഓഫായിരുന്നു. എന്നാൽ ഇന്നലെ രാത്രി ഒൻപതിന് ഒരു ഫോണിൽ പുതിയ സിം കാർഡ് ഇട്ടത് വഴിത്തിരിവായി.
കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചെന്നൈ എഗ്മോർ എക്‌സ്പ്രസിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പുലർച്ചെ 1.45ഓടെ ട്രെയിൻ ലോണാവാലയിൽ എത്തിയപ്പോഴാണ് റെയിൽവെ പൊലീസ് പിടികൂടിയത്. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടക്കത്തിൽ പൊലീസിനോട് സഹകരിക്കാതിരുന്ന ഇവർ ഒടുവിൽ സമ്മതിച്ചു.