സ്വിഫ്ട് ബസുകൾ ഇനി വേറെ ലെവൽ, ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കില്ല; പക്ഷേ ഉടൻ വലിയൊരു മാറ്റം ഉണ്ടാകും

Friday 07 March 2025 10:26 AM IST

കൊച്ചി: സുഖകരമായ യാത്രയ്ക്കായി സ്വിഫ്ട് ബസുകൾ മുഴുവൻ എ.സി ആക്കാൻ കെ.എസ്.ആർ.ടി.സി. ഇന്ധനക്ഷമത കുറയാത്ത രീതിയിൽ ഡൈനാമോയിൽ പ്രവർത്തിക്കുന്ന എ.സി സംവിധാനമാകും ഏർപ്പെടുത്തുക. അതിനാൽ, ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല.

ചാലക്കുടിയിലെ ഹെവി കൂൾ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഇത് ചെയ്യുന്നത്. ഒരു ബസ് എ.സിയാക്കാൻ കഴിഞ്ഞയാഴ്ച കൈമാറി. ഇത് വിജയിച്ചാൽ മറ്റു ബസുകളും ഘട്ടംഘട്ടമായി എ.സിയാക്കും.

കാസർകോട്- ബന്തടുക്ക റൂട്ടിൽ ഒരു സ്വകാര്യബസ് ഈ കമ്പനി ഘടിപ്പിച്ച എ.സിയുമായി സർവീസ് നടത്തുന്നുണ്ട്. ഇതാണ് കെ.എസ്.ആർ.ടി.സിക്ക് പ്രചോദനമായത്. എ.സി പ്രീമിയം ബസുകളുടെ സ്വീകാര്യത പഠിക്കാൻ വിദഗ്ദ്ധരെ മന്ത്രി കെ.ബി.ഗണേശ് കുമാർ നിയോഗിച്ചിരുന്നു.


എ.സി കംപ്രസർ പ്രവർത്തിക്കുന്നത് എൻജിനിൽ നിന്നുള്ള ഊർജമുപയോഗിച്ചായതിനാൽ സാധാരണഗതിയിൽ ഇന്ധനക്ഷമത കുറയും. പകരം ഡൈനാമോ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് 24 വോൾട്ട് ബാറ്ററി ചാർജ്‌ചെയ്യുകയും അതുകൊണ്ട് എ.സി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതാണ് ഹെവി കൂൾ കമ്പനിയുടെ രീതി. അതിനാൽ, ഡീസൽ ചെലവ് വർദ്ധിക്കില്ല. മൈലേജിന്റെ പ്രശ്നവുമുണ്ടാകില്ല. കംപ്രസർ ബസിന്റെ മേൽത്തട്ടിലാണ് സ്ഥാപിക്കുക.

6.5 ലക്ഷം - ഒരു ബസ് എ.സിയാക്കാൻ ചെലവ്


ആകെ സ്വിഫ്ട് ബസുകൾ - 447(നാളെ നിരത്തിലിറക്കുന്ന മൂന്നെണ്ണം അടക്കം)


''ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ എ.സി ബസിൽ സുഖകരമായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുന്നത്


കെ.ബി. ഗണേശ്‌ കുമാർ, ഗതാഗതമന്ത്രി