ഓഫീസിലേക്ക് കാട്ടുപന്നി ഓടിക്കയറുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ വഴുതിവീണു; ജീവനക്കാരിയുടെ തലയിൽ ആറ് സ്റ്റിച്ച്

Friday 07 March 2025 4:53 PM IST

കൽപ്പറ്റ: കാട്ടുപന്നികൾ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാൻ ശ്രമിക്കവെ വഴുതി വീണ സ്‌ത്രീക്ക് പരിക്കേറ്റു. വയനാട് കുമ്പറ്റയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുമ്പറ്റ മിൽക്ക് സൊസൈറ്റി ജീവനക്കാരി റസിയക്കാണ് പരിക്കേറ്റത്.

റോഡിലേക്ക് കൂട്ടമായി എത്തിയ കാട്ടുപന്നികൾ സ്ഥാപനത്തിലേക്ക് ഓടിക്കയറുന്നത് തടയാനായി റസിയ ഷട്ടർ ഇടാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. തലയ്‌ക്ക് മുറിവേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിൽ ആറ് സ്റ്റിച്ചുണ്ട്.

കണ്ണൂരിലും സമാനമായ സംഭവം ഉണ്ടായി. കാട്ടുപന്നി ആക്രമണത്തിൽ വെള്ളരിയാനം സ്വദേശി ജയചന്ദ്രനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റബ്ബർ ടാപ്പിംഗിനിടെ ഇന്ന് രാവിലെ ആയിരുന്നു ആക്രമണം.