വിവാഹ പാ‌ർട്ടികളിൽ ഇനി പ്ലാസ്റ്റിക് കുപ്പി വേണ്ട,​ പ്ലാസ്റ്റിക് നിരോധനത്തിൽ കർശന നടപടിയുമായി ഹൈക്കോടതി

Friday 07 March 2025 10:19 PM IST

കൊച്ചി: വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമെന്നും കോടതി വ്യക്തമാക്കി. ലൈസൻസ് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകി. സത്കാര ചടങ്ങുകളിൽ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലയോരമേഖലയിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിൽ ആണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഹൈക്കോടതിയിൽ വിശദീകരണം നൽകി. വിഷയത്തിൽ റെയിൽവേയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നു. ട്രാക്കുകൾ മാലിന്യമുക്തമായി സൂക്ഷിക്കാൻ റെയിൽവേയ്ക്ക് ബാദ്ധ്യതയുണ്ട്. ട്രാക്കുകളിൽ മാലിന്യം തള്ളാൻ റെയിൽവേ അനുവദിക്കരുത്. മാലിന്യം പൂർണമായി നീക്കണമെന്നും റെയിൽവേയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.