ബസ് ജീവനക്കാർ മർദ്ദിച്ച ഓട്ടോ ഡ്രൈവർ മരിച്ചു

Saturday 08 March 2025 1:52 AM IST
അബ്ദുൽ ലത്തീഫ്

മലപ്പുറം: ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോയിൽ ആളെക്കയറ്റി എന്നാരോപിച്ച് കോഡൂരിൽ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പൊന്മള മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് (49) മരിച്ചത്. ഇന്നലെ രാവിലെ 10ന് വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ആളെക്കയറ്റി എന്നാരോപിച്ചായിരുന്നു മർദ്ദനം പി.ടി.ബി എന്ന ബസിലെ ജീവനക്കാരായ സുജീഷ്, ഷിജു, മുഹമ്മദ് നിഷാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ബസ് ലത്തീഫിന്റെ ഓട്ടോയെ പിന്തുടർന്ന് തടഞ്ഞു നിറുത്തി. തുടർന്ന് ജീവനക്കാർ ലത്തീഫിന്റെ നെഞ്ചിൽ ചവിട്ടി. നിലത്തേക്ക് തള്ളിയിട്ടു. മർദ്ദനമേറ്റ ലത്തീഫ് സ്വയം ഓട്ടോറിക്ഷ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ബസ് ജീവനക്കാരുടെ മർദ്ദനമാണ് ലത്തീഫിന്റെ മരണത്തിനിടയാക്കിയതെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു.