ചരിത്രവീഥിയിൽ കെ.എസ്.ആർ.ടി.സി: ഡിപ്പോകളെ നയിക്കാൻ വനിത എ.ടി.ഒ ത്രയം
കൊച്ചി: സംസ്ഥാനത്തെ മൂന്ന് പ്രധാന ഡിപ്പോകൾക്ക് വനിതാ സാരഥികളെ നിയോഗിച്ച് ചരിത്രം കുറിച്ച് കെ.എസ്.ആർ.ടി.സി. പത്തനംതിട്ട, ആറന്മുള സ്വദേശിയായ വി.ആർ. ഷൈലജ എറണാകുളം ഡിപ്പോയുടെ എ.ടി.ഒയാണ്. ഒപ്പം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ചുമതലയുമുണ്ട്. തിരുവനന്തപുരം, ശാസ്തമംഗലം സ്വദേശി ജെ. ജ്യോതികുമാരി കാട്ടാക്കടയിലെ എ.ടി.ഒയാണ്. 11 യൂണിറ്റുകളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൂടിയാണ് ജ്യോതികുമാരി.
തിരുവനന്തപുരം വലിയവിള സ്വദേശിയായ ജെ.ബി. അംബാലിക വെള്ളനാട്, ആര്യനാട് യൂണിറ്റുകളുടെ സാരഥിയാണ്. തിരുവനന്തപുരം നോർത്ത് സോണിലെ 11 യൂണിറ്റുകളുടെ ഓഫീസ് അഡ്മിനിസ്ട്രേഷൻ ചുമതലയുമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായിരുന്ന ഇവർക്ക് 2024 നവംബർ 22നാണ് എ.ടി.ഒമാരുടെ ചുമതല നൽകിയത്.
ദീർഘദൂര ബസുകളടക്കം വന്നുപോകുന്ന വലിയ യൂണിറ്റായ എറണാകുളം ഡിപ്പോയുടെ വരുമാനം വർദ്ധിപ്പിക്കുന്നതടക്കമുള്ള ചുമതലകൾ മികവോടെ പൂർത്തിയാക്കാമെന്ന വിശ്വാസത്തിലാണ് ഷൈലജ. ഒപ്പം കുടുംബത്തിന്റെ കാര്യവും നോക്കണം. വയലാറ്റിൻതറ വീട്ടിൽ പി.ഡബ്ലിയു.ഡി മുൻ ഉദ്യോഗസ്ഥൻ പി.എം. രാധാകൃഷ്ണനാണ് ഭർത്താവ്. മക്കൾ: ആർ. അശ്വിൻ, എസ്. അഭിജിത്ത്.
കാട്ടാക്കടയിലെ എ.ടി.ഒ ആക്കിയതിൽ മന്ത്രിക്കും സി.എം.ഡിക്കും നന്ദി പറയുകയാണ് ജെ. ജ്യോതികുമാരി. ഇവിടെ ഡ്രൈവിംഗ് സ്കൂളുമാരംഭിച്ചു. വരുമാനം കൂട്ടുന്ന പ്രവർത്തനങ്ങളും സർവീസുകളുമെല്ലാം ഊർജിതമാക്കി. കുടുംബത്തിന്റെ പിന്തുണയാണ് എല്ലാത്തിനും പിന്നിൽ. ശാസ്തമംഗലത്ത് ഉത്രം വീട്ടിൽ ശങ്കരനാരായണൻ നായരാണ് ഭർത്താവ്. മക്കൾ: ജെ. പ്രവീൺ ശങ്കർ, ഗൗരി ശങ്കർ.
ക്ലാർക്കായി തുടങ്ങിയ ഔദ്യോഗിക ജീവിതം
2006ൽ കെ.എസ്.ആർ.ടി.സിയിൽ ക്ലാർക്കായാണ് ജെ.ബി. അംബാലിക ജോലിയിൽ പ്രവേശിച്ചത്. 2021ൽ തിരുവനന്തപുരം സിറ്റി എ.ഒ ആയി. മുഖ്യകാര്യാലയത്തിലും ജോലി ചെയ്ത ശേഷമാണ് പുതിയ ദൗത്യമേറ്റെടുത്തത്. ഉദ്യോഗസ്ഥരെല്ലാം മികച്ച പന്തുണയാണ് നൽകുന്നതെന്ന് അംബാലിക പറഞ്ഞു. വലിയവിള പുതുശേരിവീട്ടിൽ ജെ. ഭാസ്‌കരന്റെയും എ. ജാനമ്മയുടെയും മകളാണ്.