ട്രഷറി ഓവർ ഡ്രാഫ്റ്റിൽ പണത്തിന് നെട്ടോട്ടം സഹായംതേടി മുഖ്യമന്ത്രി ഡൽഹിക്ക്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന ട്രഷറി മൂന്നു ദിവസമായി ഓവർ ഡ്രാഫ്റ്റിലെന്ന് സൂചന.ഇത് ഒഴിവാക്കാൻ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സർക്കർ.
അവശേഷിക്കുന്ന 605കോടിരൂപയുടെ വായ്പ ചൊവ്വാഴ്ച എടുക്കും.അത് കിട്ടുന്നതോടെ താൽക്കാലിക ആശ്വാസമാകുമെങ്കിലും സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായതിനാൽ ചെലവുകൾക്ക് പണം കണ്ടെത്തിയേ തീരു.
എത്രരൂപയുടെ ഓവർഡ്രാഫ്റ്റിലായെന്നതിന്റെ കണക്കെടുപ്പ് നടത്തിവരികയാണ്.
നികുതിവരുമാനം, യൂണിവേഴ്സിറ്റികൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ നീക്കിയിരുപ്പ്. പങ്കാളിത്ത പെൻഷൻ ഫണ്ടിൽ നിന്നുള്ള അധിക വായ്പ എന്നിവ ട്രഷറിയിലേക്ക് മാറ്റാനാണ് സർക്കാർ
ശ്രമം.
പ്രതിസന്ധി കടുത്തതുകൊണ്ടാണ് മുഖ്യമന്ത്രി തന്നെ ഡൽഹിയിൽ പോയി ധനമന്ത്രി നിർമ്മല സീതാരാമനെ കാണുന്നത്. പാർട്ടി സമ്മേളനം കഴിഞ്ഞാൽ ഉടൻ പോകാനാണ് സാദ്ധ്യത.
വായ്പകളുടെ കാര്യത്തിൽ അടിന്തര തീരുമാനം ഉണ്ടായാലേ കേരളത്തിന് പിടിച്ചു നിൽക്കാൻ കഴിയൂ.
ട്രഷറി പൂട്ടൽ ഒഴിവാക്കാൻ
1. ട്രഷറി അക്കൗണ്ടിൽ പണം ഇല്ലാതെ വരുമ്പോൾ, റിസർവ് ബാങ്കിന്റെ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുക്കാനാകും.ഇത് താൽക്കാലികസഹായമാണ്. കേരളത്തിന് 1670കോടിയാണിങ്ങനെ വെയ്സ് ആൻഡ് മീൻസായി കിട്ടുക. അത് തീർന്നാൽ ഒരുതവണ കൂടി 1670 കോടിയെടുക്കാം. പക്ഷേ, രണ്ടാമത്തേത് രണ്ടാഴ്ചക്കുള്ളിൽ തിരിച്ചടയ്ക്കണം. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് ഓവർ ഡ്രാഫ്റ്റിലേക്ക് നീങ്ങുന്നത്. അത് പരിഹരിച്ചില്ലെങ്കിൽ ട്രഷറിയുടെ പ്രവർത്തനം അവതാളത്തിലാകും.
2. നാലുദിവസമായി വളരെ കുറച്ചു ബില്ലുകളേ മാറി നൽകുന്നുള്ളൂ.തിങ്കളാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്ന് അധികൃതർ പറഞ്ഞു.കഴിഞ്ഞ ദിവസം അദ്ധ്യാപകർ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും ട്രഷറി കടക്കെണിയിലായതിനെ തുടർന്നാണെന്ന് പറയപ്പെടുന്നു. ഇന്നും നാളെയും അവധിയായതിനാൽ ട്രഷറി ഇടപാടുകളുണ്ടാകില്ല.
3. മാർച്ച് മാസത്തെ ചെലവുകൾക്ക് 25000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരും.വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 0.5% വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. അത് അനുവദിച്ചാൽ 5500കോടി ലഭിക്കും. ട്രഷറിയിലെ നീക്കിയിരുപ്പിന്റെ ഉറപ്പിൽ 10000കോടിയോളം എടുക്കാനാകും. ഇതിന് അപേക്ഷ നൽകിയെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നത്.