ചോദ്യം ചോർത്തിയെന്ന് മുഹമ്മദ് ഷുഹെെബ് മറ്റ് സ്ഥാപനങ്ങളിലേക്കും അന്വേഷണം

Saturday 08 March 2025 12:50 AM IST

കോഴിക്കോട്: ചോദ്യപേപ്പർ ചോർത്തൽ കേസിൽ മുഖ്യപ്രതിയും എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ.യുമായ മുഹമ്മദ് ഷുഹൈബ് കുറ്റം സമ്മതിച്ചു.

എന്നാൽ ചോർച്ചയുടെ ഉത്തരവാദിത്വം മറ്റു പ്രതികൾക്കാണെന്നും ഷുഹൈബ് മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻ കുട്ടി പറഞ്ഞു. ചോദ്യചോർച്ചയിൽ ഗൂഢാലോചനയുണ്ട്. മറ്റ് സ്ഥാപനങ്ങൾക്കും ചോദ്യപേപ്പർ ചോർത്തി നൽകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചു.

ഷുഹെെബിന്റെ മൊബെെൽ ഫോൺകസ്റ്റഡിയിലുണ്ട്. പല വിവരങ്ങളും ഡിലീറ്റ് ചെയ്തതിനാൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ നാലുപേരാണ് പ്രതികൾ. കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അറസ്റ്റിലായവരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നും കെ.കെ. മൊയ്തീൻ കുട്ടി വ്യക്തമാക്കി. മുഹമ്മദ് ഷുഹൈബിനെ താമരശേരി കോടതി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അപേക്ഷ നൽകും. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഷുഹൈബ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്.

 നാസറിന് ജാമ്യമില്ല

ചോദ്യം ചോർത്തിയതിന് അറസ്റ്റിലായ മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂൺ അബ്ദുൾ നാസറിന്റെ ജാമ്യാപേക്ഷ താമരശേരി ജുഡിഷ്യൽ ഫസ്റ്ര് ക്ലാസ് മ‌ജിസ്ട്രറ്റ് കോടതി തള്ളി. ക്രിസ്മസ് പരീക്ഷയുടെ പ്ലസ് വൺ, എസ്.എസ്.എൽ.സി ചോദ്യപേപ്പറുകളുടെ ചോർച്ചയാണ് അന്വേഷിക്കുന്നത്. നേരത്തേ അറസ്റ്റിലായ സ്ഥാപനത്തിലെ അദ്ധ്യാപകരായ ഫഹദിനും വിഷ്ണുവിനും കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടി വന്നാൽ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.