'ഗൂഢാലോചന  വ്യക്തം'; നവീൻ  ബാബുവിനുമേൽ  മറ്റ്  ചില  സമ്മർദങ്ങൾ ഉണ്ടായിരുന്നുവെന്ന് മഞ്ജുഷ

Saturday 08 March 2025 7:23 PM IST

പത്തനംതിട്ട: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീൻ ബാബു കെെക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നവീൻ ബാബുവിനുമേൽ മറ്റ് ചില സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു.

'പിപി ദിവ്യയ്‌ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്. എന്നാൽ അവരിലേക്ക് അന്വേഷണം നീളുന്നില്ല. കുടുംബത്തിന് ആശ്വാസമാണ് പുതിയ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് നിയമപോരാട്ടത്തിന് ശക്തി പകരും. മറ്റ് ചില സമ്മർദങ്ങളുമുണ്ടായിരുന്നു. ചില കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും',- മഞ്ജുഷ പറഞ്ഞു.

സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സിബിഐ അന്വേഷിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യ പ്രതി ടിവി പ്രശാന്ത് ആണെന്നും അയാളെ പ്രതി ചേർത്തിട്ടില്ലെന്നും അവർ പറഞ്ഞു.

നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. കളക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായാണ് മൊഴികൾ. ചടങ്ങിന് മുമ്പ് ദിവ്യ നാല് തവണ കളക്ടറുടെ സ്റ്റാഫിനെ വിളിച്ചു.

പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികൾ നൽകിയ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.