ഭിന്നശേഷി സംവരണം: തസ്‌തികകൾ നികത്തണം

Monday 10 March 2025 12:00 AM IST

ന്യൂഡൽഹി : സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി സുപ്രീംകോടതി. എൻ.എസ്.എസിന് കീഴിലെ എയ്ഡഡ് സ്‌കൂളുകളിൽ 2021 മുതൽ നടത്തിയ,​ ഭിന്നശേഷി വിഭാഗത്തിലുള്ളവ അല്ലാത്ത അദ്ധ്യാപക - അനദ്ധ്യാപക നിയമനങ്ങൾക്ക് അം ഗീകാരം നൽകാൻ കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. മാർച്ച് നാലിന്റെ വിധിപകർപ്പ് കഴി‌ഞ്ഞദിവസം പുറത്തുവന്നപ്പോഴാണ് ഭിന്നശേഷി സംവരണത്തിലെ കോടതിയുടെ കർശന നിലപാട് വ്യക്തമായത്.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി തസ്‌തികകളിൽ എത്രയും വേഗം നിയമനം നടത്തണം. അവരുടെ അംഗീകാരത്തിന് മാനേജ്മെന്റുകൾ ശുപാർശ സമർപ്പിച്ചാലുടൻ സംസ്ഥാന സർക്കാർ തീരുമാനമെടുക്കണം. ഈ ഉത്തരവ് നായർ സർവീസ് സൊസൈറ്റിക്ക് മാത്രമല്ല,​ സമാനമായ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി അന്തിമ തീരുമാനമെടുത്തിരുന്നില്ല.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ 2021 നവംബറിൽ പുറത്തിറക്കിയ സർക്കുലറാണ് കോടതി കയറിയത്. ഭിന്നശേഷി സംവരണം കൃത്യമായി നടപ്പാക്കിയ ശേഷം മാത്രമേ മറ്റു കാറ്റഗറികളിലെ നിയമനങ്ങൾ പോലും അംഗീകരിക്കുകയുള്ളുവെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്. മാനേജ്മെന്റുകളുടെയും അദ്ധ്യാപക സംഘടനകളുടെയും നിവേദനത്തെ തുടർന്ന്, വ്യക്തത വരുത്തി പുതിയ സർക്കുലർ ഇറക്കാമെന്ന് കഴിഞ്ഞ ഡിസംബറിൽ സർക്കാർ നിലപാടെടുത്തിരുന്നു.