ഒരുമാസം നീണ്ട സമരം: അനുകൂല നടപടി തേടി ആശമാർ

Monday 10 March 2025 12:00 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ സമരം ആരംഭിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടും സർക്കാരിൽ നിന്നും അനുകൂല നടപടി ഉണ്ടായിട്ടില്ല. പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ആശമാരുടെ തീരുമാനം.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഇന്നലെ സമരപ്പന്തലിലെത്തി ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേന്ദ്രം നൽകുന്ന പണം സർക്കാർ കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം വെറുതേ കേരളത്തെ കുറ്റം പറയാതെ കൃത്യമായ കണക്കും രേഖയും കാണിക്കണം. ഫണ്ടിന്റെ കുറവുണ്ടെങ്കിൽ കേന്ദ്രത്തെ അറിയിക്കണം. 2023-24ലെ പണം ലാപ്സായത് സർക്കാരിന്റെയും മന്ത്രിയുടെയും പിടിവാശി കൊണ്ടാണ്. സർക്കാരും മന്ത്രിയും ഇക്കാര്യത്തിലെ കള്ളക്കളി മാറ്റി വയ്ക്കണം. ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികൾ സമരപ്പന്തലിൽ എത്താത്തത് ദൗർഭാഗ്യകരമാണെന്നും സമരം നീട്ടിക്കൊണ്ടുപോകുന്നത് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി ഒ.സി.വക്കച്ചൻ, ജോയിന്റ് പ്ലാറ്റ്ഫോം ആക്ഷൻ ഗവൺമെന്റ് സെക്ടർ എംപ്ലോയീസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വർഗീസ് എം.ജേക്കബ്, സാധുജന പരിപാലന സംഘം സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഗോപി, ജോയിന്റ് പ്ലാറ്റ്ഫോം ആക്ഷൻ ഗവൺമെന്റ് സെക്ടർ എംപ്ലോയീസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറർ പി.പി.എബ്രഹാം, അഡ്വ.എസ്.സുരേഷ്, പൂന്തുറ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു,.