ജില്ലയുടെ അമരക്കാരൻ ഇനി സി.പി.എം സെക്രട്ടേറിയേറ്റ് അംഗം
കൊച്ചി: പാർട്ടിയിൽ ഉയർച്ച താഴ്ചകൾ ഏറെ കണ്ട സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന് അർഹിച്ച അംഗീകാരമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള നേതാവായ സി.എൻ. മോഹനൻ വിദ്യാർത്ഥി-യുവജന സംഘടനയിലൂടെയാണ് പാർട്ടി നേതൃനിരയിൽ എത്തിയത്. കൂത്തുപറമ്പ് വെടിവയ്പ്പ് നടക്കുമ്പോൾ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. 1994 മുതൽ 2000 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
പാർട്ടിയിൽ വിഭാഗീയത രൂക്ഷമായപ്പോൾ എതിർചേരിയിലായിരുന്നു. അന്ന് കോലഞ്ചേരി ഏരിയാ കമ്മിറ്റിയിലൊതുങ്ങി. പിണറായി വിജയൻ പാർട്ടിയിൽ പിടിമുറുക്കിയതോടെ തിരിച്ചുവരവിന് വഴിതുറന്നു. 2000 മുതൽ 2005 വരെ സി.പി.എം കോലഞ്ചേരി ഏരിയാ സെക്രട്ടറിയായി ജില്ലാ കമ്മിറ്റിയിലെത്തി. പിന്നീട് ദേശാഭിമാനി റസിഡന്റ് മനേജരായി. തുടർന്ന് സംസ്ഥാന കമ്മിറ്റിയിലുമെത്തി. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്ന് 2018ൽ ജില്ലാ സെക്രട്ടറിയായി. അന്ന് ജി.സി.ഡി.എ ചെയർമാനായിരുന്നു സി.എൻ. മോഹനൻ.
കഴിഞ്ഞ രണ്ട് ജില്ലാ സമ്മേളങ്ങളിലും എറണാകുളത്തെ പാർട്ടിയുടെ അമരക്കാരനായി. ഇക്കുറി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് സി.എൻ. മോഹനൻ പരിഗണിക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യ കൗൺസിൽ അംഗം, കനിവ് പാലിയേറ്റിവ് കെയർ ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകളും വഹിക്കുന്നുണ്ട്. കോലഞ്ചേരിക്കടുത്ത പൂതൃക്ക സ്വദേശിയായ സി.എൻ. മോഹനൻ പുത്തൻകുരിശിലാണ് താമസിക്കുന്നത്. വടവുകോട് ഫാർമേഴ്സ് ബാങ്ക് മനേജർ വനജയാണ ഭാര്യ. ചാന്ദിനി, വന്ദന എന്നിവർ മക്കളാണ്.