നിലമ്പൂർ അകമ്പാടത്ത് കാട്ടാനകൾ വീടിന്റെ ഗേറ്റും മതിലും തകർത്തു
നിലമ്പൂർ: നിലമ്പൂർ അകമ്പാടത്ത് കാട്ടാനകൾ വീടിന്റെ ഗേറ്റും മതിലും തകർത്തു. അക്രമകാരികളായ കാട്ടാനകളെ മയക്കു വെടിവയ്ക്കണമെന്ന് നാട്ടുകാർ. അകമ്പാടം എരുമമുണ്ട റോഡിൽ കോരംക്കോട് റോഡിനോട് ചേർന്നുള്ള ആദിലിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് തകർത്തത്. സംഭവ സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. ആദിൽ വദേശത്താണ്. നോമ്പുകാലമായതിനാൽ മാതാവ് അവരുടെ വീട്ടിലുമായിരുന്നു. രണ്ടാഴ്ച മുമ്പ്് മണ്ണുപ്പാടത്തും കാട്ടാനകൾ വീടിന്റെ ഗേറ്റും മതിലും തകർത്തിരുന്നു. കാട്ടാനകൾ അക്രമകാരികളായതോടെ ചാലിയാർ പഞ്ചായത്തിലെ ജനങ്ങൾ ഭീതിയിലാണ്. കാട്ടാനകളെ മയക്കുവെടി വച്ച് പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടാനശല്യം പരിഹരിക്കാൻ സർവകക്ഷി യോഗം ഉടൻ വിളിക്കണമെന്ന് പ്രദേശവാസികളായ പി.കെ. ഹുസൈൻ, കൃഷ്ണൻകുട്ടി കോരംക്കോട് തുടങ്ങിയവർ ആവശ്യപ്പെട്ടു.വീട്ടിൽ ഉണ്ടായിരുന്ന സിസിടിവിയിൽ ആനകളുടെ വിളയാട്ടം പതിഞ്ഞിരുന്നു. ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് മനോഹര അടക്കം പഞ്ചായത്ത് അംഗങ്ങളും ജനപ്രതിനിധികളും വീട്ടിലെത്തി സ്ഥിതിവിധികൾ അന്വേഷിച്ചു. ബന്ധുക്കളും നാട്ടുകാരും പഞ്ചായത്തിൽ അടിക്കടി ആനകൾ ഉണ്ടാക്കുന്ന ദുരന്തം വലുതാണെന്ന് ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ഒന്നടങ്കം ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.