'നിങ്ങൾ മടങ്ങുമ്പോൾ ടീമിനെ മികച്ചയൊരിടത്ത് എത്തിക്കാൻ ആഗ്രഹിക്കും' ചർച്ചയായി കൊഹ്ലിയുടെ കമന്റ്
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാന്റിനെ തകർത്ത് ഇന്ത്യ മിന്നും ജയം നേടിയിരിക്കുകയാണ്. ജഡേജയുടെ ബൗണ്ടറിയോടെ ഇന്ത്യ പരമ്പരയിൽ ഒരു കളി പോലും പരാജയപ്പെടാതെയാണ് ട്രോഫി സ്വന്തമാക്കിയത്. ഈ നേട്ടത്തിനിടയിലും ഇപ്പോൾ ചർച്ചയാകുന്നത് മുതിർന്ന താരം വിരാട് കൊഹ്‌ലിയുടെ വാക്കുകളാണ്. ഏകദിനത്തിൽ നിന്നും താരം വിരമിക്കുമോ എന്നുള്ള സൂചനകൾ അന്തരീക്ഷത്തിൽ അലയടിക്കുന്നതിനിടെയാണ് കൊഹ്‌ലി കഴിഞ്ഞദിവസത്തെ വിജയത്തെ കുറിച്ച് പറഞ്ഞത്.
'നിങ്ങൾ മടങ്ങുമ്പോൾ ടീമിനെ മികച്ച ഒരുനിലയിൽ ഒരിടത്ത് എത്തിക്കാൻ ആഗ്രഹിക്കും. വരുന്ന എട്ട് കൊല്ലത്തേക്ക് ലോകം മുഴുവൻ ഏറ്റെടുക്കാനുള്ള മികച്ചൊരു സ്‌ക്വാഡ് നമുക്കുണ്ടെന്ന് എനിക്ക് തോന്നുന്നു.' എന്നായിരുന്നു കൊഹ്‌ലിയുടെ പ്രതികരണം.
'കഠിനമായ ഓസ‌്‌ട്രേലിയൻ പര്യടനത്തിന് പിന്നാലെ തിരിച്ചുവരാൻ ഞങ്ങൾ ആഗ്രഹിച്ചു. ഒരു വലിയ ടൂർണമെന്റ് വിജയിക്കാൻ മോഹിച്ചു. അതുകൊണ്ട് അമ്പരപ്പിക്കുന്നതാണ് ചാമ്പ്യൻസ് ട്രോഫി വിജയം. വളരെയേറെ കഴിവുള്ളവർ ടീമിലുണ്ട്. ഞങ്ങൾ മുതിർന്ന കളിക്കാർക്ക് അവരെ സഹായിക്കാൻ സന്തോഷമാണ്. ഞങ്ങളുടെ അനുഭവം അവരുമായി പങ്കുവയ്‌ക്കുന്നുണ്ട്. അതാണ് ടീമിനെ ശക്തമാക്കുന്നത്.' കൊഹ്‌ലിയുടെ വാക്കുകൾ ഇങ്ങനെയാണ്. ഇത്തരത്തിൽ വലിയ ടൂർണമെന്റുകളിൽ വിജയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പരിശീലനം ഫലം കണ്ടെന്നും കൊഹ്ലി പറഞ്ഞു.
അതേസമയം മറ്റൊരു മുതിർന്ന താരമായ നായകൻ രോഹിത്ത് ശർമ്മ തനിക്ക് ഒരു ഭാവി പരിപാടിയും ഇല്ലെന്നും ഇപ്പോൾ സംഭവിക്കുന്നത് ഇനിയും തുടരുമെന്നാണ് റിട്ടയേർമെന്റ് സൂചനകളെ തള്ളി പറഞ്ഞത്.