'പെൺപൂവോ  പൊന്നേ  ആൺപൂവോ  കണ്ണേ'; നൃത്തച്ചുവടുമായി ഇഷാനിയും ഹൻസികയും, വീഡിയോ  

Monday 10 March 2025 12:18 PM IST

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ദിയ കൃഷ്ണ. അടുത്തിടെ താൻ ഗർഭിണിയാണെന്ന വിവരം ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകളും ആഘോഷങ്ങളും നടന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിരുന്നു.

ദിയയും സഹോദരങ്ങളും ചേർന്ന് അവതരിപ്പിച്ച നൃത്ത വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. 'പെൺപൂവോ പൊന്നേ ആൺപൂവോ കണ്ണേ' എന്ന പാട്ടിനൊപ്പമായിരുന്നു പ്രകടനം. ദിയയുടെ സഹോദരിമാരായ ഇഷാനിയും ഹൻസികയും സുഹൃത്തുമാണ് നൃത്തം അവതരിപ്പിച്ചത്. ഇവർ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

'രണ്ട് മിനിട്ട് കൊണ്ടാണ് ഇത്തരമൊരു വീഡിയോ എടുത്തത്. കാരണം ഈ പാട്ടിന് ഒരു വീഡിയോ ചെയ്യുന്നകാര്യം എപ്പോഴും തമാശയായി പറഞ്ഞിരുന്നു. പക്ഷേ അങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല' - എന്ന കുറിപ്പും ഇഷാനി പങ്കുവച്ചിട്ടുണ്ട്. വീഡിയോയിലെ ഇവരുടെ പ്രകടനം ഇതിനോടകം വെെറലാണ്. നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്.

ചടങ്ങിന്റെ ഭാഗമായി ദിയയെ സഹോദരിമാർ കറുത്ത കുപ്പിവളകൾ അണിയിപ്പിക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം നടന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് അശ്വിൻ. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.