'മീറ്റർ ഇട്ടില്ലെങ്കിൽ ഓട്ടോകളിൽ സൗജന്യ യാത്ര'; സ്റ്റിക്കർ പതിക്കണമെന്ന ഉത്തരവ് പിൻവലിക്കും

Monday 10 March 2025 3:39 PM IST

തിരുവനന്തപുരം: മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോകളിൽ ' മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കും. ഗതാഗത മന്ത്രി ഓട്ടോ തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സംയുക്ത തൊഴിലാളി യൂണിയൻ ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പണിമുടക്കും പിൻവലിക്കും.

മാർച്ച് ഒന്ന് മുതലാണ് സ്റ്റിക്കർ നിർബന്ധമായും പതിക്കണമെന്ന് ഉത്തരവിറക്കിയത്. എന്നാൽ, മിക്ക ഓട്ടോകളിലും സ്റ്റിക്കർ പതിച്ചിട്ടില്ലായിരുന്നു. നിർദേശത്തിനെതിരെ ഓട്ടോ തൊഴിലാളികൾക്കിടയിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പണിമുടക്ക് തീരുമാനിച്ചിരുന്നത്. ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്‌താൽ 'യാത്ര സൗജന്യം' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്‌ത സ്റ്റിക്കർ ഡ്രൈവർ സീറ്റിന് പിറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു നിർദേശം. സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.