ഇത് വ്യാജനല്ല,​ ഒറിജിനൽ; കരുവാരക്കുണ്ടിൽ വീണ്ടും കടുവാസാന്നിദ്ധ്യം ,​കണ്ടത് റബർതോട്ടത്തിൽ

Monday 10 March 2025 9:16 PM IST

മലപ്പുറം: കരുവാരക്കുണ്ടിലെ റബർ തോട്ടത്തിൽ കടുവയെ കണ്ടതായി റിപ്പോർട്ട്. ജനവാസമുള്ള പ്രദേശമായ കേരള എസ്റ്റേറ്റ് മേഖലയിലെ റബർ തോട്ടത്തിലാണ് കടുവ എത്തിയത്. തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി സംഘവും നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചതായി ഡി.എഫ്.ഒ അറിയിച്ചു. എഴുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന പഴയകടയ്ക്കൽ യു.പി സ്കൂളിന് തൊട്ടടുത്താണ് കടുവയെ കണ്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ കരുവാരക്കുണ്ട് ആർത്തലയിൽ കടുവയെ കണ്ടെന്ന വ്യാാജവാർത്ത പ്രചരിച്ചിരുന്നു. ജെറിൻ എന്ന യുവാവാണ് കടുവയെ കണ്ടതായി വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് വീഡിയോ വ്യാജമെന്ന് തെളിഞ്ഞത്. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും വനംവകുപ്പ് കണ്ടെത്തി. തുടർന്ന് വനംവകുപ്പ് നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.