പാലത്തിന് വഴിമാറിയ കോഴഞ്ചേരി ചന്ത പുനർജനിക്കുമോ?
കോഴഞ്ചേരി : പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി ഒഴിപ്പിച്ച കോഴഞ്ചേരി ചന്തയ്ക്ക് പകരം ആധുനിക ചന്ത ആരംഭിക്കുമെന്ന അധികാരികളുടെ പ്രഖ്യാപനം നടപ്പായില്ല. പുതിയ പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയപ്പോൾ അപ്രോച്ച് റോഡിനായി ചന്തയുടെ ഭാഗമായ കെട്ടിടങ്ങൾ ഒഴിവാക്കേണ്ടി വരുമെന്നുറപ്പായിരുന്നു. 2017ൽ പാലം പണി തുടങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ ചന്തയിലെ വ്യാപാരികളെ ഒഴിപ്പിച്ചു. കെട്ടിടം പൊളിച്ച് സ്ഥലം പാലത്തിനായി ഏറ്റെടുത്തെങ്കിലും പുതിയ ചന്തയുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഒരു വർഷത്തിനുള്ളിൽ ആധുനിക രീതിയിലുള്ള മാർക്കറ്റ് കോംപ്ളക്സ് കോഴഞ്ചേരിയിൽ നിർമ്മിക്കുമെന്ന് അന്ന് എം.എൽ.എ ആയിരുന്ന വീണാജോർജ് ഉറപ്പുനല്കിയെങ്കിലും പിന്നീട് മന്ത്രിയായിട്ടും നടപടിയായില്ല. നാരങ്ങാനം , ചെറുകോൽ, അയിരൂർ, തോട്ടപ്പുഴശ്ശേരി, കോയിപ്രം , മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലെ കർഷകർ ഉത്പന്നങ്ങളുടെ വിപണിയായി ആശ്രയിച്ചിരുന്നത് കോഴഞ്ചേരി ചന്തയേയാണ്. ജലമാർഗം ചരക്കുനീക്കങ്ങൾ നടത്തിയിരുന്ന പഴയകാലത്ത് പമ്പാനദിയുടെ തീരത്തെ കോഴഞ്ചേരി പ്രാധാന്യമുള്ള വാണിജ്യകേന്ദ്രമായിരുന്നു
40 ലക്ഷം രൂപയുടെ വരുമാന നഷ്ടം
ചന്തയില്ലാതായതോടെ ഓരോ വർഷവും 40 ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് കോഴഞ്ചേരി പഞ്ചായത്തിന് ഉണ്ടാകുന്നത്. പച്ചക്കറിക്കടകൾ പൂർണമായും ഇല്ലാതായി. മത്സ്യച്ചന്ത പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യമായി ആവശ്യക്കാരെത്താറില്ല. ഇവിടെ ഉപജീവനം നടത്തി വന്ന കച്ചവടക്കാർ കടക്കെണിയിലുമായി. ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷാ - ചരക്കു വാഹന തൊഴിലാളികളും പ്രതിസന്ധിയിലായി.
കാളവണ്ടികൾ നിരന്ന വണ്ടിപ്പേട്ടയും കാർഷിക സമൃദ്ധിയുടെ അടയാളമായ നാടൻ വിഭവങ്ങളും നിറഞ്ഞ കോഴഞ്ചേരി ചന്ത വിസ്മൃതിയിലായിട്ടും അധികൃതർ മൗനത്തിലാണ്.
40 ലക്ഷം രൂപയുടെ പ്രതിവർഷ നഷ്ടമാണ് കോഴഞ്ചേരി പഞ്ചായത്തിന് ചന്ത ഒഴിപ്പിച്ചതിലൂടെ ഉണ്ടാകുന്നത്. പാലം പണി സമയബന്ധിതമായി തീർക്കാൻ കഴിയാത്ത സർക്കാർ പുതിയ ചന്തയ്ക്കായി പ്രഖ്യാപനമല്ലാതെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
ഗീതു മുരളി, കോഴഞ്ചേരി പഞ്ചായത്തംഗം
ചന്തയുടെ പ്രവർത്തനം തടസപ്പെട്ടത് കോഴഞ്ചേരി ടൗണിലൊട്ടാകെ വ്യാപാര തകർച്ചയ്ക്ക് കാരണമായി. സാധാരണക്കാരന്റെ ആശ്രയമായ ചന്ത അടിയന്തരമായി പുനസ്ഥാപിക്കണം. പ്രസാദ് ആനന്ദഭവൻ , പ്രസിഡന്റ് , വ്യാപാരി വ്യവസായി ഏകോപന സമിതി