വാടാതെ നോക്കണം കത്തുന്നു വേനൽ
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ശക്തമായ മഴ
കോഴിക്കോട്: കുംഭച്ചൂടിൽ വെന്തുരുകി നാടും നഗരവും. ജില്ലയിലെ താപനില ഇന്നലെ 36 ഡിഗ്രിയിലെത്തി. പകൽ നേരങ്ങളിൽ പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയാണ്. ഉയർന്ന യു.വി (അൾട്രാവയലറ്റ്)ഇൻഡെക്സ് അഞ്ചാണ് ബേപ്പൂരിൽ രേഖപ്പെടുത്തിയത്. വലിയ കുടകളും ഷീറ്റും വിരിച്ചാണ് തൊഴിലാളികൾ ചൂടിൽ നിന്ന് രക്ഷ നേടുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി 34 ഡിഗ്രിയ്ക്ക് മുകളിലാണ് താപനില. അതേ സമയം ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കരുതണം സൂര്യാഘാതം
അൾട്രാവയലറ്റ് രശ്മികൾ കൂടുതൽ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നിവ കാണുകയാണെങ്കിൽ സൂര്യാഘാത കാരണമായിരിക്കാം. ഉടൻ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യണം. ഐസ് ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കണം. ഒട്ടും താമസിയാതെ ആശുപത്രിയിൽ എത്തിക്കണം.
രോഗപ്പകർച്ച; ആക്ഷൻ പ്ലാൻ രൂപീകരിക്കും
ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും പാലിയേറ്റീവ് നഴ്സുമാരും അടങ്ങുന്ന പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗപ്പകർച്ച ഉണ്ടാകാൻ സാദ്ധ്യതയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടിക ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിവരികയാണ്. അതനുസരിച്ച് ആക്ഷൻ പ്ലാൻ രൂപീകരിക്കും. സൂര്യഘാതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെഡിക്കൽ ഓഫീസിലും ദുരന്ത നിവാരണ അതോറിറ്റിയെയും അറിയിക്കാൻ നിർദ്ദേശം നൽകി.
വേണം ശ്രദ്ധ
പകൽ 11 മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളരുത്.
പകൽ സമയത്ത് തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം.
കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം.
ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങൾ മുതലായവ കഴിക്കണം.
തണലിൽ വിശ്രമിക്കാൻ ശ്രമിക്കണം.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കണം.
പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം
''കനത്ത ചൂടാണ്. ആരോഗ്യ വകുപ്പ് നൽകുന്ന ജാഗ്രത നിർദ്ദേശം പൊതുജനങ്ങൾ പാലിക്കണം''-ഡോ.രാജേന്ദ്രൻ-ഡി.എം.ഒ
തളർന്ന് തീരം
കോഴിക്കോട് : വേനൽചൂട് കനത്തതോടെ നിരാശയിലാണ് തീരം. റംസാൻ കാലമായിട്ടും വേണ്ടത്ര മീൻ കിട്ടാത്തതിനാൽ മത്സ്യതൊഴിലാളികളും അനുബന്ധതൊഴിൽ മേഖലയിലുള്ളവരും പ്രതിസന്ധിയിലാണ്. മത്സ്യക്ഷാമം വിലക്കയറ്റത്തിനും കാരണമായി. കടലിൽ പോകുന്നവർ മിക്കവാറും വെറും കൈയോടെയാണ് മടങ്ങുന്നത്. പൊള്ളുന്ന പകൽചൂടും മത്സ്യബന്ധനത്തിന് വെല്ലുവിളിയായി. കഴിഞ്ഞ കുറച്ച് കാലമായി മത്സ്യ ലഭ്യതയിൽ വലിയ കുറവുണ്ടായെന്നാണ് തൊഴിലാളികൾ പറയുന്നത്. വിലക്കയറ്റമുള്ളതിനാൽ പലരും മീൻ വാങ്ങാൻ മടി കാണിക്കുന്നെന്നും തൊഴിലാളികൾ പറയുന്നു.
അശാസ്ത്രീയ മത്സ്യബന്ധനം വെല്ലുവിളി
അതിതീവ്ര പ്രകാശമുള്ള ലെെറ്റുകൾ ഉപയോഗിച്ച് മത്സ്യബന്ധനം പാടില്ലെന്ന് കർശന നിർദ്ദേശമുണ്ടെങ്കിലും ഇത് ലംഘിച്ച് രാത്രി കാലങ്ങളിൽ പുറത്തുനിന്നുള്ള ബോട്ടുകൾ കടലിലെത്തുന്നുണ്ടെന്നാണ് ബേപ്പൂരിൽ നിന്നുമുള്ള തൊഴിലാളികൾ പറയുന്നത്. നിയമാനുസൃത കണ്ണിവലിപ്പമില്ലാത്ത ട്രോൾ വലകൾ ഉപയോഗിക്കുന്നതും നിശ്ചിത വലിപ്പത്തിലും കുറവുളള മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും, ഓലയും മറ്റും ഉപയോഗിച്ച് തീരത്തോട് ചേർന്ന ഭാഗത്ത് വെള്ളം കെട്ടിനിർത്തുന്നതും പതിവാണ്. ഇത് മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുന്നു. മറെെൻ എൻഫോഴ്സ്മെന്റ് നിരീക്ഷണം ശക്തമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
- മീൻ വില (കിലോ )
മത്തി - 150
അയല - 250
ചെമ്മീൻ - 350-450
'' ചൂട് കൂടിയതോടെ മത്സ്യക്ഷാമം രൂക്ഷമാണ്. വില കൂടിയതിനാൽ ആളുകൾ വാങ്ങാതെ മടങ്ങുന്നതും പതിവാണ്. സർക്കാർ ധനസഹായം പെട്ടെന്ന് ലഭ്യമാക്കണം.
- രമേശൻ , മത്സ്യതൊഴിലാളി കൊയിലാണ്ടി
കിയോസ്കുകൾ നന്നാക്കും
കോഴിക്കോട്: ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള 451 ശുദ്ധജല കിയോസ്കുകൾ പരിശോധിച്ച് പ്രവർത്തിക്കാത്തവ നന്നാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കണ്ടെത്തി ടാങ്കർ ലോറികൾ വഴി ശുദ്ധജലമെത്തിക്കണം. അടഞ്ഞു കിടക്കുന്ന കനാലുകൾ നന്നാക്കുന്നതിനും പൊതുസ്ഥലങ്ങളിൽ അഗ്നിബാധയ്ക്ക് കാരണമാകുന്ന ചപ്പുചവറുകൾ കൂട്ടിയിടുന്നത് തടയാനും നടപടിയെടുക്കണം. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ തൊഴിൽസമയം ക്രമീകരിക്കാൻ നിർദ്ദേശിച്ചു. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമം രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയായി ക്രമീകരിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വിശ്രമം നൽകണം.കൃഷി, വനം, മൃഗ സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളും വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മഴയ്ക്ക് മുന്നേ മാലിന്യമുക്ത കാമ്പയിൻ ജന പങ്കാളിത്തത്തോടെ നടത്താനും യോഗം നിർദ്ദേശിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അദ്ധ്യക്ഷത വഹിച്ചു.