ക്ഷേത്രങ്ങളിൽ വഴിപാട് നിരക്ക് വർദ്ധിപ്പിക്കും

Tuesday 11 March 2025 12:25 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1,256 ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കിൽ 30 ശതമാനം ഉയർത്തുമെന്ന് പ്രസിഡന്റ് പി.എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശബരിമല ഒഴികെയുള്ള മറ്റ് ക്ഷേത്രങ്ങളിലാണിത്. ഒമ്പത് വർഷത്തിന് ശേഷമാണ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷം കൂടുമ്പോൾ ഹൈക്കോടതി ഉത്തരവ് പ്രകാരം വഴിപാട് നിരക്കുകൾ വർദ്ധിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ 2016ൽ പ്രളയവും പിന്നീട് കൊവിഡും കാരണം വർദ്ധന നടപ്പാക്കിയില്ല. വർദ്ധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ശബരിമലയിൽ

പുതിയ ദർശന രീതി

ശബരിമലയിൽ മേടം മുതൽ ഭക്തർക്ക് പൂർണമായും പുതിയ ദർശന രീതിയായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈഓവർ കയറാതെ കൊടിമരത്തിനും ബലിക്കൽപ്പുരയ്ക്കും ഇരുവശങ്ങളിലൂടെ ശ്രീകോവിലിനു മുന്നിലെത്തി തൊഴുന്നതിനുള്ള സംവിധാനത്തിന്റെ ട്രയൽ റൺ മീനമാസ പൂജ മുതൽ ആരംഭിക്കും. നിലവിൽ അയ്യപ്പദർശനത്തിന് അഞ്ച് സെക്കന്റ് സമയമാണ് ലഭിക്കുന്നതെങ്കിൽ പുതിയ സംവിധാനം വരുന്നതോടെ 20 മുതൽ 30 സെക്കന്റ് വരെ ദർശനം ലഭിക്കും. വിജയകരമായാൽ പിന്നീട് ശബരിമലയിലെ ദർശനരീതി ഇതായിരിക്കും. അതേസമയം,ആഗോള അയ്യപ്പസംഗമം മേയിൽ (ഇടവമാസ പൂജക്കാലത്ത്) നട തുറക്കുന്ന വേളയിൽ പമ്പയിൽ സംഘടിപ്പിക്കും. 50ലേറെ രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കുമെന്ന് പ്രശാന്ത് പറഞ്ഞു. പൂജിച്ച സ്വർണ ലോക്കറ്റുകളും സ്വർണ നാണയങ്ങളും വിഷുദിനത്തിൽ ശബരിമലയിൽ വിതരണം ആരംഭിക്കും. ഇതിന്റെ ഓൺലൈൻ ബുക്കിംഗ് ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും.

ഷർട്ട് വിവാദം,

തീരുമാനമുണ്ടാകും

ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറാമോ എന്ന വിഷയത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ആചാരങ്ങൾ പരിഷ്‌കരിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യകരമായ സംവാദങ്ങളിലൂടെ മാത്രമേ ആചാരണ പരിഷ്‌കരണം സാദ്ധ്യമാകൂ. തിരുവിതാംകൂർ ദേവസ്വത്തിന് മാത്രമായി തീരുമാനം എടുക്കാനാകില്ല. മറ്റ് ദേവസ്വം ബോർഡുകളും തന്ത്രിമാരും സർക്കാരുമായും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട,ആറാട്ട് ഒഴികെയുള്ള എഴുന്നള്ളത്തിന് ആനകളെ ഉപയോഗിക്കരുതെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. അക്കാര്യത്തിലും തന്ത്രി സമൂഹവുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.