പള്ളിവളപ്പിൽ സ്യൂട്ട്‌കേസിൽ അസ്ഥികൂടം; സംഭവം കൊല്ലത്ത്

Tuesday 11 March 2025 10:04 AM IST

കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്‌കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശരദമ‌ഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളിസെമിത്തേരിയോട് ചേർന്ന് പെെപ്പിടാൻ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരാണ് ഇത് ആദ്യം കാണുന്നത്. അവർ ഈ സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മനുഷ്യന്റെ അസ്ഥികൂടം ആണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കും. ദ്രവിച്ച് തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം. കൊല്ലം ഈസ്റ്റ് പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. ആരെങ്കിലും ഇവിടെ വർഷങ്ങൾക്ക് മുൻപ് കുഴിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കി.

ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വർഷങ്ങൾക്ക് മുൻപ് കാണാതായവരെ പറ്റിയുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ആരെങ്കിലും കൊന്ന് ഡ്യൂട്ട്‌കേസിനകത്താക്കി കുഴിച്ചിട്ടതാണോയെന്ന സംശയവുമുണ്ട്. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം എത്രയാണെന്നാണ് ആദ്യം പരിശോധിക്കുക. നഗരത്തിന്റെ നടുവിലായാണ് ശരദമ‌ഠം സിഎസ്ഐ പള്ളി സ്ഥിതി ചെയ്യുന്നത്. അതിനാൽ തിരക്കുള്ള പ്രദേശം കൂടിയാണിത്. രാത്രിയും ആൾക്കാർ ഉണ്ടാകുന്ന സ്ഥലം. അതിനാലാണ് വർഷങ്ങൾക്ക് മുൻപ് കുഴിച്ചിട്ടതാകാമെന്ന നിഗമത്തിലാണ് പൊലീസ്.