സഹകരണ ബാങ്കിൽ നിക്ഷേപിച്ച പതിനൊന്ന് ലക്ഷം രൂപ തിരികെ നൽകിയില്ല; ആത്മഹത്യയ്‌ക്ക് ശ്രമിച്ച വയോധികൻ ഗുരുതരാവസ്ഥയിൽ
കോന്നി: കോന്നി റീജിയണൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് വയോധികൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി സ്വദേശി ആനന്ദൻ (64) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം നിലവിൽ വെന്റിലേറ്ററിലാണ്.
കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് ലഭിക്കാനുള്ളത്. പണം ചോദിച്ച് ഇന്നലെയും ബാങ്കിൽ ചെന്നിരുന്നു. എന്നാൽ പണം കിട്ടിയില്ല. മുൻഗണനാക്രമത്തിൽ പണം കൊടുക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരിക്കെയാണ് സംഭവം. പണം കിട്ടാത്ത വിഷമത്തിൽ മദ്യത്തിൽ ഗുളികകൾ ചേർത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, ആനന്ദനോട് മോശമായി പെരുമാറിയില്ലെന്ന് ബാങ്ക് സെക്രട്ടറി പ്രതികരിച്ചു. കഴിഞ്ഞ ദിവസം ആനന്ദൻ വന്ന് മൂന്ന് മാസത്തെ പലിശ വാങ്ങി പോയി. ആല്ലാതെ ബാങ്കിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ബാങ്കിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കുറേ നിക്ഷേപകർക്ക് പണം നൽകാനുണ്ടെന്നും അധികൃതർ പറഞ്ഞു.