തീപിടിത്തം ഒഴിവാക്കാൻ മാലിന്യ നീക്കം ഊർജ്ജിതമാക്കി 'ക്ലീൻ കേരള' കമ്പനി
പാലക്കാട്: താപനില ഉയരുന്നത് കണക്കിലെടുത്ത് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്ത സാഹചര്യം ഒഴിവാക്കാൻ കർമ്മ നിരതരായി ക്ലീൻ കേരള കമ്പനി പ്രവർത്തകർ. സെക്ടർ കോ ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ എം.സി.എഫുകളിൽ പ്രത്യേക പരിശോധന നടത്തി വരുന്നുണ്ട്. എം.സി.എഫുകളിലെ മാലിന്യം നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളിൽ നിന്നും കടകളിൽ നിന്നും ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് എം.സി.എഫിൽ എത്തിക്കുന്ന അജൈവ മാലിന്യങ്ങൾ എത്രയും വേഗം തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ ജില്ലാ മാനേജർ ആദർശ് ആർ.നായർ പാലക്കാട് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.
സെക്ടർ അടിസ്ഥാനത്തിൽ ദൈനംദിനമായി എം.സി.എഫുകളുടെ വിവരശേഖരണം നടത്തുന്നതിനും എം.സി.എഫുകൾ സന്ദർശിച്ചും തദ്ദേശ സ്ഥാപന അധികൃതരുമായി ആശയ വിനിമയം നടത്തിയും സ്ഥിതി ഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ജില്ലയിൽ ക്ലീൻ കേരള പ്രത്യേക ടീം രൂപീകരിച്ച് ആരംഭിച്ച പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവ് കൂടുതലായതിനാൽ തീപിടിത്തത്തിന് കാരണമാകുന്ന ലൈറ്റർ, മൊബൈൽ ബാറ്ററി, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ മാലിന്യത്തിനോടൊപ്പം ഉണ്ടെങ്കിൽ അതിൽ പ്രത്യേകം ശ്രദ്ധ ചെലുത്താൻ ഹരിത കർമ്മ സേനയ്ക്ക് ക്ലീൻ കേരള ടീം നിർദ്ദേശം നൽകിയിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ അറുപതിൽ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ അജൈവ മാലിന്യ സംസ്‌കരണ പ്രവർത്തനം നിർവ്വഹിക്കുന്നത് ക്ലീൻ കേരള കമ്പനിയാണ്. ജില്ലയിൽ നിലവിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മാലിന്യം നീക്കം ചെയ്യൽ ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങളിലും അടിയന്തിര ഘട്ടങ്ങളിലെ ആവശ്യപ്രകാരം യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനം എന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ലീൻ കേരള കമ്പനി ഈ സ്ഥാപനങ്ങളിലെ എം.സി.എഫുകളിൽ നിന്നും മാലിന്യം ഉടൻ തന്നെ നീക്കം ചെയ്ത് വരുന്നുണ്ട്.