ഇലോൺ മസ്കിന്റെ ആസ്തിയിൽ കനത്ത ഇടിവ്
Wednesday 12 March 2025 12:42 AM IST
ന്യൂയോർക്ക്: തിങ്കളാഴ്ച അമേരിക്കൻ ഓഹരി വിപണിയിലുണ്ടായ തകർച്ചയിൽ ടെസ്‌ലയുടെ ഓഹരി വില മൂക്കുകുത്തിയതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊളായ ഇലോൺ മസ്കിന്റെ ആസ്തിയിൽ ഒറ്റദിവസത്തിനിടെ 2,900 കോടി ഡോളറിന്റെ ഇടിവുണ്ടായി. ഞായറാഴ്ച മസ്‌കിന്റെ മൊത്തം ആസ്തി 33,000 കോടി ഡോളറായിരുന്നത് തിങ്കളാഴ്ച വൈകുന്നേരം 30,100 കോടി ഡോളറായി താഴ്ന്നു. തിങ്കളാഴ്ച മാത്രം ആസ്തിയിൽ 6.9 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇലോൺ മസ്കിന്റെ ആസ്തി റെക്കാഡ് ഉയരമായ 48,600 കോടി ഡോളറിലെത്തിയിരുന്നു. ഈ വർഷം ഇതുവരെ ആസ്തിയിൽ 13,200 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. യൂറോപ്പിലും ചൈനയിലും ടെസ്‌ല കാറുകളുടെ വിൽപ്പന കുത്തനെ ഇടിയുന്നതാണ് ഓഹരി വിലയിൽ തകർച്ച സൃഷ്‌ടിക്കുന്നത്.