മക്കളെ തകർക്കും വിവാഹ മോചനം

Wednesday 12 March 2025 12:59 AM IST

കോഴിക്കോട്: മാതാപിതാക്കളുടെ വിവാഹമോചനക്കേസ് നടക്കുമ്പോൾ മക്കൾ അനുഭവിക്കുന്നത് കടുത്ത മാനസിക പ്രശ്നങ്ങൾ. വിചാരണ വേളയിൽ കുട്ടികളെയും കൊണ്ടുവരുന്നതാണ് ഏറ്റവും വലിയ ദുരന്തം. 50 ശതമാനത്തിലേറെ കേസിലും ഇതു തുടരുന്നു.

സംസ്ഥാന ബാലാവകാശ കമ്മിഷന്റേതാണ് പഠനം. കോടതികളിൽ നിന്നും കുട്ടികളിൽ നിന്നും വിവരം ശേഖരിച്ചും കമ്മിഷന് ലഭിച്ച പരാതികൾ വിശകലനം ചെയ്തുമായിരുന്നു പഠനം.

കേസിന് മുമ്പേ രക്ഷിതാക്കൾ മാറിത്താമസിക്കുന്നു. തുടർന്നുള്ള സാമ്പത്തിക പ്രശ്നത്തിൽ ഫീസ്, യൂണിഫോം, പുസ്തകം തുടങ്ങിയവപോലും കിട്ടാതാകുന്നു. കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി മാതാപിതാക്കൾ വഴക്കിടുന്നത് അവരിൽ ഗുരുതര മാനസികപ്രശ്നങ്ങളുണ്ടാക്കുന്നു. വേർപിരിഞ്ഞ ശേഷം 57 ശതമാനം മാതാപിതാക്കളും കുട്ടികളെ കാണാൻ പോകാറില്ല.

പിഞ്ചുകുഞ്ഞുങ്ങളുമായെത്തുന്നവർക്ക് കോടതികളിൽ പലപ്പോഴും ശുദ്ധജലം പോലും കിട്ടുന്നില്ല. വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ മുലയൂട്ടാനോ സൗകര്യമില്ല. വാടകക്കെട്ടിടത്തിലാണ് പല കോടതികളും. ഒറ്റപ്പാലം കുടുംബകോടതി പഴയ വാടകവീട്ടിലാണ്. കൗൺസലിംഗ് റൂം അടുക്കളയിലും. കോഴിക്കോട്, എറണാകുളം, പരവൂർ, ചവറ കോടതികളേ ബാലസൗഹൃദമായിട്ടുള്ളൂ.

മണിക്കൂറുകളോളം കോടതിവരാന്തയിൽ കാത്തുനിൽക്കേണ്ടിവരുന്ന കുട്ടികൾ മൊബെെലിൽ കൂടുതൽ സമയം കളിക്കുന്നു. ഇത് മൊബെെൽ അഡിക്ഷനിടയാക്കും.

കുറ്റപ്പെടുത്തുമ്പോൾ

 കുട്ടികളിൽ ദുഃഖവും ഏകാന്തതയുമുണ്ടാകുന്നു

 അനുസരണക്കേടും ഭയവും വർദ്ധിക്കും

 പ്രശ്നങ്ങൾ തുറന്നുപറയാൻ ആളില്ലാതാകുന്നു

 ആശാവഹമല്ലാത്ത മറ്റ് ബന്ധങ്ങളിലെത്തപ്പെടും

പ്രധാന ശുപാർശകൾ

1. കോടതി പരിസരം ബാലസൗഹൃദമാക്കുക

2. സിറ്റിംഗ് സ്കൂൾ അവധി ദിവസങ്ങളിലാക്കുക

3. വിദഗ്ദ്ധ കൗൺസലർമാരെ നിയോഗിക്കുക

4. പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കുക

35

കുടുംബ കോടതികൾ

50,000

വർഷം തോറും കേസുകൾ