കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; സ്കൂൾ അടച്ചു

Wednesday 12 March 2025 11:38 AM IST

കൊച്ചി: കളമശേരിയിലെ സ്കൂളിൽ മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ടുപേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാർത്ഥികളെയാണ് ശനിയാഴ്ച രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രെെമറിതല പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താൽക്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭയും ആവശ്യപ്പെട്ടു.

രോഗ ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങൾ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ.

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ആ വിവരം ഡോക്ടറെ അറിയിക്കണം.

അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.


ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കണം.